| Tuesday, 10th June 2025, 12:35 pm

തഗ് ലൈഫ് പ്രേക്ഷകരില്‍ വര്‍ക്കാകാത്തതിന് കാരണം ആ ഒരു വിഷയം കണക്ടാകാത്തതുകൊണ്ടാണ്: ഭഗവതി പെരുമാള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൈപ്പിനുള്ള പ്രധാന കാരണം. ഒപ്പം വന്‍ താരനിരയും അണിനിരന്നതോടെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു.

എന്നാല്‍ ആദ്യ ഷോക്ക് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് വെറും 55 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ തഗ് ലൈഫിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഭഗവതി പെരുമാള്‍ (ബക്ക്‌സ്).

മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുമ്പോള്‍ നായകന്‍ പോലെ ശക്തമായ ഒരു സിനിമയാണ് ആരാധകര്‍ പ്രതീക്ഷിച്ചതെന്ന് ബക്ക്‌സ് പറഞ്ഞു. ഇതേ പ്രഷര്‍ തന്നെയായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നതെന്നും അവരാല്‍ കഴിയുന്നത് പോലെ സിനിമ നന്നാക്കാന്‍ അവര്‍ ശ്രമിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. വലിയ താരനിരയും കൂടി അണിനിരന്നപ്പോള്‍ സിനിമയുടെ മേലെയുണ്ടായിരുന്ന പ്രതീക്ഷ വാനോളം ഉയര്‍ന്നെന്നും അദ്ദേഹം പറയുന്നു. പ്രൊവോക്ക് ടി.വിയോട് സംസാരിക്കുകയായിരുന്നു ഭഗവതി പെരുമാള്‍.

‘തഗ് ലൈഫ് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ആളുകള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. കാരണം, രണ്ട് പേരും വീണ്ടും ഒന്നിക്കുമ്പോള്‍ നായകന്‍ പോലെയോ അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കുന്ന ഒന്നോ ആയിരിക്കും ആളുകള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക. അതേ പ്രഷര്‍ തന്നെയാകും കമല്‍ സാറിനും മണി സാറിനും ഉണ്ടായിരുന്നത്.

അങ്ങനെയുള്ള സമയത്ത് സിലമ്പരസനും തൃഷയും സിനിമയുടെ ഭാഗമായപ്പോള്‍ അവരുടെ ഒരു റീ യൂണിയന്‍ കൂടി ആളുകള്‍ പ്രതീക്ഷിച്ച് കാണും. സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കമല്‍ ഹാസനും തൃഷയും സിലമ്പരസനും തമ്മിലുള്ള രംഗങ്ങള്‍. അത്രയും ശക്തമായ വിഷയം ഓഡിയന്‍സിന് കണക്ടായിട്ടില്ല. അതോടെ ആളുകള്‍ക്ക് സിനിമ ശരാശരിയായി തോന്നിയെന്നാണ് എനിക്ക് തോന്നുന്നത്,’ ഭഗവതി പെരുമാള്‍ പറയുന്നു.

ഈയടുത്ത് വന്നതില്‍ വന്‍ താരനിര അണിനിരന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസനും സിലമ്പരസനും പുറമെ അഭിരാമി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, നാസര്‍, അശോക് സെല്‍വന്‍, ബാബുരാജ് തുടങ്ങിയവര്‍ തഗ് ലൈഫിന്റെ ഭാഗമായി. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Actor Bagavathi Perumal explains the reason for the failure of Thug Life movie

We use cookies to give you the best possible experience. Learn more