ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തുകയും പിന്നീട് കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത അഭിനേതാവാണ് ബാബുരാജ്. കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തില്‍ ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത് കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഗുണ്ടാത്തലവനായും വില്ലനായും പൊലീസ് ഓഫീസറായും ഒട്ടനവധി കഥാപാത്രങ്ങള്‍ക്കാണ് ബാബുരാജ് ജീവന്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഏവരിലും കൗതുകമുണര്‍ത്തിക്കൊണ്ടായിരുന്നു 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ കോമഡി റോളിലൂടെ ബാബുരാജ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പിന്നീട് ഓര്‍ഡിനറി, മായാമോഹിനി, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ താരം വില്ലന്‍ വേഷങ്ങളില്‍ നിന്നും ട്രാക്ക് മാറ്റുകയും ചെയ്തിരുന്നു.

ബാബുരാജ്. Photo: X.com

അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ ചെയ്ത വില്ലന്‍ വേഷങ്ങളെ കുറിച്ചും സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും ബാബുരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പഴയ കാല സിനിമകളിലേത് പോലെ ഗുണ്ട കഥാപാത്രങ്ങള്‍ ഇന്ന് പുറത്തിറങ്ങുന്ന സിനിമകളില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു സിനിമയുടെ ഷൂട്ടില്‍ എനിക്ക് ഒരു പെണ്ണിന്റെ വേഷമാണ്. ഒരു വിഗ്ഗ് എല്ലാം വെച്ചിട്ടുണ്ട്. ഇരുമ്പനം പാലത്തിന്റെ മുകളില്‍ നിന്നും താഴോട്ട് ചാടുന്നതാണ് ഷോട്ട്. ചാടി മുകളില്‍ വന്ന് കഴിഞ്ഞപ്പോഴേക്ക് എന്റെ വിഗ്ഗ് ഒഴുകിപോയി. കരയില്‍ കയറി നോക്കുമ്പോള്‍ വിഗ്ഗില്ല. അങ്ങനെ ആ ചിത്രത്തില്‍ കിട്ടിയ പ്രതിഫലത്തില്‍ ഏഴായിരം രൂപ വിഗ്ഗിന്റെ ഉടമസ്ഥന് കൊടുക്കേണ്ടി വന്നു. മൂവായിരം രൂപയാണ് എനിക്ക് കിട്ടിയത്. ചാടിയത് വെറുതെയായിപ്പോയി. ഇത്തരത്തില്‍ ഞാനിവിടെ നിന്ന് ചാടാത്ത പാലങ്ങളെല്ലാം കുറവാണ്.

ബാബുരാജ്. Photo: X.com

ഇന്ന് മലയാള സിനിമയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ഞങ്ങളെ പോലുള്ള ഗുണ്ടകള്‍. ഇന്നത്തെ കാലത്തെ സിനിമകളില്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇല്ല. ആദ്യം സാധാരണ ഗുണ്ടകളായിരുന്നുവര്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പൊലീസുകാരായി മാറിയരുന്നു. എന്നിട്ടും ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. പ്രജ എന്ന ചിത്രത്തില്‍ ഡി.ഐ.ജി ആയിട്ട് പോലും എനിക്ക് ഒരുപാട് ഇടി കിട്ടിയിട്ടുണ്ട്,’ ബാബുരാജ് പറഞ്ഞു.

Content Highlight: Actor Baburaj talks about his experience in cinema