| Tuesday, 15th April 2025, 10:56 am

വാഴയിലെ ആ സീനിന് വേണ്ടി വലിയ തയ്യാറെടുപ്പ് നടത്തി; പക്ഷേ ഷോട്ടിന്റെ തൊട്ട് മുന്‍പ് തകര്‍ന്നുപോയി: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസിന്റെ രചനയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമയെ കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്.

വാഴയിലെ ഒരു സീനിന് വേണ്ടി താന്‍ നടത്തിയ മുന്നൊരുക്കത്തെ കുറിച്ചും എന്നാല്‍ പിറ്റേ ദിവസം ഷോട്ടിന് തൊട്ടുമുന്‍പ് തനിക്ക് കിട്ടിയ ഒരു പണിയെ കുറിച്ചുമൊക്കെയാണ് അസീസ് പറയുന്നത്.

ആഭ്യന്തര കുറ്റവാളി എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ വിപിന്റെ പ്രത്യേകത, സിനിമ എന്നത് അവന്റെ മനസിലാണ് എന്നതാണ്. സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലും പെട്ടെന്ന് ഡയലോഗുകളൊക്കെ മാറ്റിക്കളയും.

അതിലെ ആ കല്യാണ വീട്ടിലെ സീന്‍ എടുക്കുന്നതിനായി ഡയലോഗ് മൊത്തം ഞാന്‍ തലേദിവസം രാത്രി ഇരുന്ന് പഠിച്ചു. പിറ്റേന്ന് വന്ന് ഡയലോഗ് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ്.

അവിടേക്ക് വിപിന്‍ വന്നിട്ട് ആ സാധനം അങ്ങ് മറന്നേക്ക് എന്ന് പറഞ്ഞു. എന്താടാ, എന്തുപറ്റി എന്ന് ചോദിച്ചു. അവിടെ ക്യാമറയൊക്കെ സെറ്റാണല്ലോ എന്ന് പറഞ്ഞു.

അതല്ല വേറൊരു ഡയലോഗ് ഞാന്‍ തരാമെന്ന് പറഞ്ഞു. ടേക്കായെന്ന് പറഞ്ഞപ്പോള്‍ അത് വിട് എന്ന് പറഞ്ഞു. അവിടെ ഇരുന്ന് സ്‌പോട്ടില്‍ എഴുതിത്തന്ന സാധനമാണ്.

ഞാന്‍ ആകെ തകര്‍ന്നുപോയി. നമ്മള്‍ രണ്ട് മൂന്ന് പേരാണെങ്കില്‍ കുഴപ്പമില്ല. തെറ്റിയാലും അവരേ കേള്‍ക്കൂ. ഇത് കല്യാണ വീടാണ്. 45000 പേരുണ്ട്. അവരുടെ മുന്‍പിലൊക്ക തെറ്റിച്ചാല്‍ പിന്നെ തീര്‍ന്നു.

നമ്മള്‍ നടന്നുവരുമ്പോഴൊക്കെ, ‘ആ ഇന്ന് സമയത്തിന് വീട്ടില്‍ പോകാന്‍ പറ്റൂല്ലല്ലോ’ എന്നൊക്കെ പറഞ്ഞുകളയും. ആ ടെന്‍ഷന്‍ മനസില്‍ കിടപ്പുണ്ട്.

പക്ഷേ ആ സീന്‍ ഞാന്‍ ചെയ്തു. ആദ്യത്തെ ടേക്കില്‍ തന്നെ ശരിയായി. അതുപോലെ കല്യാണ വീട്ടില്‍ ചെറുക്കന്റേയും പെണ്ണിന്റേയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന ഷോട്ടില്‍ ഞാന്‍ അവനെ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്.

ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ച് ഷോട്ട് കഴിഞ്ഞ് താഴേക്ക് ഇറങ്ങിയപ്പോള്‍ അവിടെയുള്ള കൊച്ച് എന്റെ കയ്യില്‍ കയറിപ്പിടിച്ചിട്ട് ചേട്ടാ, ഞാന്‍ കരഞ്ഞുപോയി ചേട്ടാ എന്ന് പറഞ്ഞു. അപ്പോഴേ എനിക്ക് മനസിലായി ആ സാധനം ഏറ്റെന്ന്. അത് ഭയങ്കര ഒരു ഫീലായിരുന്നു,’ അസീസ് നെടുമങ്ങാട് പറഞ്ഞു.

Content Highlight: Actor Azees Nedumangad about Vazha Movie Scene

Latest Stories

We use cookies to give you the best possible experience. Learn more