| Tuesday, 10th June 2025, 4:42 pm

ദര്‍ശനേ, മുഖത്തൊന്നും വരുന്നില്ലല്ലോ എന്ന് വിപിന്‍ ചോദിക്കും; അവളുടെ മറുപടി ഇതായിരിക്കും: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് എന്ന സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ ചില രീതികളെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍ അസീസ് നെടുമങ്ങാട്.

വിപിന്‍ ഡയറക്ട് ചെയ്യുമ്പോള്‍ അത് വേറൊരു മൂഡാണെന്നും അദ്ദേഹത്തിന്റെ രീതി അറിയുന്നവര്‍ക്ക് മാത്രമേ അത് മനസിലാകുകയുള്ളൂവെന്നും അസീസ് നെടുമങ്ങാട് പറയുന്നു.

വിപിന്‍ദാസിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നില്‍ക്കുന്ന എത്രയോ ആര്‍ടിസ്റ്റുകള്‍ ഇന്ന് മലയാളത്തില്‍ ഉണ്ടെന്നും എന്നാല്‍ നമ്മള്‍ എത്ര റെക്കമെന്‍ഡ് ചെയ്താലും ഒരു കഥാപാത്രത്തിന് അനുയോജ്യനാണെന്ന് അദ്ദേഹത്തിന് തോന്നിയാല്‍ മാത്രമേ അദ്ദേഹം അവരെ വിളിക്കുകയുള്ളൂവെന്നും അസീസ് നെടുമങ്ങാട് പറയുന്നു. ലൈഫ് നെറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിപിന്‍ ഡയറക്ട് ചെയ്യുമ്പോള്‍ വേറൊരു മൂഡാണ്. വിപിന്‍ ഇങ്ങനെ ഇരിക്കും. നമ്മള്‍ അഭിനയിച്ചോണ്ടിരിക്കുകയല്ലേ, പുള്ളി കട്ട് പറയില്ല. നമ്മള്‍ അഭിനയവും കഴിഞ്ഞ് റിയാക്ഷനും കഴിഞ്ഞ് ഇനി വേറെ ഒന്നും ഇല്ല.

അങ്ങനെ വിപിനെ നോക്കുമ്പോള്‍ നമ്മളെ നോക്കി ശരിയായില്ലെന്ന രീതിയില്‍ ഒരു മുഖഭാവം ഉണ്ട്. അത് കഴിഞ്ഞ് ആ..ഓക്കെ ഓക്കെ എന്ന് തൃപ്തിയില്ലാത്ത രീതിയില്‍ പറയും.

നമ്മുടെ മനസങ്ങ് തകരും. വിപിനെ അറിയാമെന്നുള്ളവര്‍ ആ.. ഓക്കെ ഓക്കെ എന്ന് പറയുമ്പോള്‍ അതേ ടോണില്‍ തന്നെ അവനോട് തിരിച്ചും പറയും. ആ ഒപ്പിച്ചെടുത്തും എന്നൊക്കെയാവും ചിലപ്പോള്‍ പറയുക.

ദര്‍ശനയെയാക്കെ കൊല്ലും. ദര്‍ശനേ മുഖത്തൊന്നും വരുന്നില്ലല്ലോ എന്ന് ചോദിക്കും. ആ ഇത്രയൊക്കെ മതി. ഡബ്ബിങ്ങില്‍ പിടിക്കാമെന്ന് അവളും പറയും.

എന്നിട്ട് ഡബ്ബിങ് സ്യൂട്ടില്‍ പിടിക്കും. അന്ന് പറഞ്ഞു ഡബ്ബിങ്ങില്‍ പിടിക്കാമെന്ന് ഇപ്പോള്‍ ഡബ്ബിങ്ങിലും പോരല്ലോ ദര്‍ശനേ എന്നൊക്കെ പറഞ്ഞുകളയും. പക്ഷേ പെട്ടെന്ന് ഇത് അറിഞ്ഞൂടാത്തവര്‍ കേട്ടാല്‍ വിഷമമാകും. അത് പുള്ളിയുടെ രീതിയാണ്.

വിപിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഭയങ്കര അപ്‌ഡേറ്റഡാണ് അദ്ദേഹം. വിപിനേ ഇങ്ങനെ ഒരു ആര്‍ടിസ്റ്റുണ്ട്. ഒരു ചാന്‍സ് കൊടുക്കാമോ എന്ന് പറഞ്ഞാല്‍ നോക്കാം അണ്ണാ എന്നൊക്കെ പറയും.

പക്ഷേ അവന് തന്നെ തോന്നണം. ഈ ക്യാരക്ടറിന് അവര്‍ ഓക്കെ ആണെന്ന് വിപിന് തോന്നിയാല്‍ മാത്രമേ അവന്‍ വിളിക്കുള്ളൂ. ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകാറില്ല.

നമ്മുടെ പല സുഹൃത്തുക്കളില്‍ പല ആര്‍ടിസ്റ്റുകളും വിപിന്റെ ഒരു പടത്തില്‍ അഭിനയിക്കാന്‍ ഭയങ്കര ആഗ്രഹമുള്ളവര്‍ ഉണ്ട്. കാരണം അവന്റെ സെറ്റ് അങ്ങനെയാണ്.

വിപിന്റെ ട്രീറ്റ്‌മെന്റ് അങ്ങനെയാണ്. ഭയങ്കര സന്തോഷമാണ്. അവന്റെ മൂന്നാമത്തെ പടമാണ് ചെയ്യുന്നത്. നമ്മളെ ഇഷ്ടപ്പെടുന്നു, കൂടെ കൊണ്ടുനടക്കുന്നു എന്നത് തന്നെ ഭയങ്കര സന്തോഷമാണ്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.

Content Highlight: Actor Azees Nedumangad about Director Vipindas

We use cookies to give you the best possible experience. Learn more