| Saturday, 3rd May 2025, 3:06 pm

ലാല്‍സാര്‍ ഇല്ലെങ്കിലെന്താ, പ്രൊമോഷന് ഗംഭീര കണ്ടന്റേല്ലേ തരുണ്‍ കൊടുത്തത്; അഭിമുഖം കണ്ട് ഞാന്‍ വിളിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തുടരും എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

തുടരും എന്ന സിനിമയുടെ വിജയം മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ലെന്ന് ആസിഫ് പറയുന്നു. ഒപ്പം തുടരുമിന്റെ പ്രൊമോഷന്‍ രീതിയെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

തുടരുമിന്റെ പ്രൊമോഷന് ലാല്‍ സാര്‍ വന്നിട്ടില്ലെന്നും ആ സമയത്ത് താന്‍ തരുണിനെ വിളിച്ചിരുന്നെന്നും ആസിഫ് അലി പറയുന്നു.

‘തുടരും ഒരു മോഹന്‍ലാല്‍ സിനിമയാണ്. ആ സിനിമയ്ക്ക് ഒരു പ്രൊമോഷനും വേണമെന്നില്ല. മോഹന്‍ലാലിന്റെ ഒരു സിനിമ ഇറങ്ങിയാല്‍ അത് കാണാന്‍ ശ്രമിക്കുക എന്നുള്ളത് മലയാളി ശീലിച്ച ഒരു കാര്യമാണ്.

അത് അത്തരത്തിലൊരു ചുറ്റുപാടില്‍ വരുമ്പോള്‍ പ്രത്യേകിച്ച്. ശോഭന -മോഹന്‍ലാല്‍ ജോഡി വീണ്ടും വരുന്നു എന്ന് പറയുന്നത് തന്നെ ആ സിനിമ തിയേറ്ററില്‍ പോയി കാണാന്‍ നമുക്ക് എക്‌സൈറ്റ്‌മെന്റ് തരുന്ന ഘടകമാണ്.

പിന്നെ തരുണ്‍ അതിന് മുന്‍പ് ചെയ്ത സിനിമകള്‍. തരുണ്‍ എന്ന ഫാന്‍ ബോയ് ലാല്‍സാറിനെ വെച്ച് ചെയ്യുന്ന സിനിമ. ഇത്രയും കാര്യങ്ങളുണ്ട്. തുടരും എടുത്ത് നോക്കിയാല്‍ ലാല്‍സാറിന്റെ ഒരു പ്രെസന്‍സ് നമുക്ക് പ്രൊമോഷനില്‍ എവിടെയും കാണാന്‍ പറ്റിയിട്ടില്ല.

തരുണിന്റെ അഭിമുഖങ്ങള്‍ മാത്രമായിരുന്നു. പക്ഷേ അത് ഭയങ്കര കണ്ടന്റ് ഉള്ള അഭിമുഖങ്ങളായിരുന്നു. ഞാന്‍ ഒരു ദിവസം തരുണിനെ വിളിച്ച് സംസാരിച്ചിരുന്നു.

നമുക്ക് ലാല്‍സാറിനെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ള കുറേ കാര്യങ്ങള്‍, ലൊക്കേഷനെ പറ്റിയിട്ട്, ലാല്‍ സാര്‍ ഓരോ ഷോട്ടിന് മുന്‍പും ഇവരുമായി ഇന്ററാക്ട് ചെയ്ത കാര്യങ്ങള്‍,അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിട്ടാണ് ഈ സിനിമയുടെ ഒരു പ്രൊമോഷന്‍ പാക്കേജ് ഇവര്‍ സെറ്റ് ചെയ്തത്.

അത് ഭയങ്കര വര്‍ക്കായിരുന്നു. എല്ലാവരും അതിലേക്ക് എത്തി. പിന്നെ ഉറപ്പായിട്ടും ലാല്‍സാറിന്റെ ഒരു സിനിമയ്ക്ക് പോസിറ്റീവ് റെസ്‌പോണ്‍സും കൂടി വന്ന് കഴിഞ്ഞാല്‍ പിന്നെ യാതൊരു രീതിയിലുള്ള മാര്‍ക്കറ്റിങ്ങും അടുത്ത സ്റ്റേജിലേക്ക് ആവശ്യമായി വരില്ല.

കഴിഞ്ഞ ദിവസങ്ങളിലൊന്നും നമുക്ക് ഒരു ഷോയ്ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥ വന്നു. അത് ഇന്‍ഡസ്ട്രിയുടെ ഒരു വളര്‍ച്ച കൂടിയാണ് കാണിക്കുന്നത്.

സിനിമ കാണാന്‍ തിയേറ്ററിലേക്ക് ആളുകള്‍ വരിക എന്നത് ഒരു ട്രെന്റായി മാറണം. ലൂസിഫറിന് ശേഷം അടുത്ത സിനിമ ഇതുപോലെ വീണ്ടും വരുന്നു എന്ന് പറയുമ്പോള്‍ അതിനി വരുന്ന സിനിമകള്‍ക്കൊക്കെ, പ്രത്യേകിച്ച് വെക്കേഷന്‍ സീസണ്‍ തുടങ്ങിയതാണ്.

ആ സമയത്ത് ഒരു സിനിമ തിയേറ്ററില്‍ നിറഞ്ഞോടുക എന്ന് പറയുമ്പോള്‍ സ്വാഭാവികമായും അടുത്ത വീക്കെന്‍ഡിലൊക്കെ സിനിമ കാണാന്‍ പോകാന്‍ ആള്‍ക്കാര്‍ക്ക് തോന്നും. അത് ഇന്‍ഡസ്ട്രിക്കും വലിയ നല്ല സൈന്‍ ആണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali about Thudarum Movie Promotion Package and Tharun Moorthy

We use cookies to give you the best possible experience. Learn more