| Friday, 9th May 2025, 11:11 am

ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയും ഇല്ല; ആ ലേബല്‍ എനിക്ക് വേണ്ട: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയും ഇല്ലെന്നും അങ്ങനെ ഒരു ലേബല്‍ തനിക്ക് വേണ്ടെന്നും നടന്‍ ആസിഫ് അലി.

സര്‍ക്കീട്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു വേദിയില്‍ സംസാരിക്കവേയാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

ചോദ്യത്തിനിടെ ഒറ്റയ്ക്ക് വഴിവെട്ടിവന്നയാളാണല്ലോ ആസിഫ് എന്ന പ്രയോഗത്തിനായിരുന്നു താരത്തിന്റെ മറുപടി.

അങ്ങനെ ആര്‍ക്കും ഒറ്റയ്ക്ക് വഴി വെട്ടി വരാന്‍ കഴിയില്ലെന്നും നമ്മള്‍ ഏത് നിലയില്‍ എത്തിയിട്ടുണ്ടെങ്കിലും അതിന് പിന്നില്‍ ഒരുപാട് പേരുടെ സപ്പോര്‍ട്ടും പിന്തുണയും കാണുമെന്നും ആസിഫ് പറയുന്നു.

‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയും ഇല്ല. നമ്മള്‍ എല്ലാവരും ഇന്ന് നില്‍ക്കുന്ന ഈ നിലയില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റുമുള്ളവരും നമ്മളെ സ്‌നേഹിച്ചവരും നമ്മളെ സപ്പോര്‍ട്ട് ചെയ്തവരും എല്ലാമാണ്.

എന്റെ സുഹൃത്തുക്കള്‍ മുതല്‍ മാതാപിതാക്കള്‍ മുതല്‍ എന്റെ അധ്യാപകര്‍ മുതല്‍ എല്ലാവരുടേയും സപ്പോര്‍ട് ഞാന്‍ ഇന്ന് നില്‍ക്കുന്ന അല്ലെങ്കില്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹിത്തിന് അര്‍ഹനായി നില്‍ക്കുന്നതിന് പിന്നില്‍ ഉണ്ട്.

അതുകൊണ്ട് ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍ എന്ന ഒരു ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ആസിഫ് പറഞ്ഞു.

സര്‍ക്കീട്ടിലെ ഈ റോള്‍ എത്ര ചാലഞ്ചിങ് ആണ് എന്ന് പറയുമ്പോള്‍ തന്നെ ഈ റോള്‍ എന്തുകൊണ്ട് സെലക്ട് ചെയ്തു എന്ന് കൂടി പറയണം. ഞാനൊരു പാരന്റാണ്.

അതുകൊണ്ടാണ് ഈ സിനിമയുടെ കഥ ആദ്യമായി കേട്ടപ്പോള്‍ എനിക്ക് ഈ സിനിമ ചെയ്യണമെന്നും ഇതിന്റെ ഭാഗമാകണമെന്നും തോന്നിയത്.

ഒരു കുട്ടിയുടെ ലൈഫില്‍, വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്നാണ് ഈ സിനിമ പറയുന്നത്. നമ്മള്‍ അവര്‍ക്ക് വാങ്ങിച്ചുകൊടുക്കുന്ന സാധനങ്ങളേക്കാള്‍ ആ കുട്ടികള്‍ക്ക് കൊടുക്കുന്ന സമയത്തിന്റെ വില അവരുടെ ജീവിതത്തില്‍ എന്തുമാത്രമാണെന്നാണ് സര്‍ക്കീട്ടിലൂടെ കാണിക്കാന്‍ ശ്രമിച്ചത്.

ഒരു യങ് പാരന്റ്, ഒരു യങ് ഫാദര്‍ എന്ന നിലയില്‍ കഥ കേട്ടപ്പോള്‍ ഈ സിനിമയുടെ ഭാഗമാകണമെന്ന് തോന്നി. നമ്മള്‍ പാരന്റിങ്ങിലടെ മനസിലാക്കിയതും പഠിച്ചതുമായ കാര്യങ്ങള്‍ ബാക്കിയുള്ളവര്‍ക്ക് കൂടി പറഞ്ഞുകൊടുക്കണമെന്ന് തോന്നി.

നിങ്ങള്‍ പഠിക്കാന്‍ മോശമായിക്കോട്ടെ, സ്‌പോര്‍ട്‌സില്‍ മോശമായിക്കോട്ടെ, എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയില്‍ മോശമായിക്കോട്ടെ പക്ഷേ ഒരു കാര്യത്തില്‍ നിങ്ങളായിരിക്കും ബെസ്റ്റ്.

അത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റും. അത് തിരിച്ചറിയുന്നതില്‍ നിങ്ങളുടെ മാതാവപിതാക്കള്‍ക്ക് നിങ്ങളെ സഹായിക്കാന് പറ്റും ടീച്ചേഴ്‌സിനും സഹായിക്കാന്‍ പറ്റും. ലൈഫില്‍ ക്ഷമ കാണിക്കുക. അര്‍ഹിക്കുന്ന സ്ഥലത്തേക്ക് നിങ്ങള്‍ക്ക് എത്താന്‍ വേണ്ടത് ക്ഷമ മാത്രമാണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali about Ottak Vazhi vetti vannavan Label

We use cookies to give you the best possible experience. Learn more