| Thursday, 23rd October 2025, 9:20 am

മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ ഒരു വേഷമാണെന്ന് കരുതിയാണ് ചെന്നത്; സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ ഹീറോ ഞാന്‍: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ജീത്തു ജോസഫിനെ കുറിച്ചും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. ഓരോ കഥാപാത്രങ്ങള്‍ക്കുമുള്ള ആക്ടേഴ്‌സിനെ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന ആളാണ് ജീത്തു ജോസഫ് എന്ന് ആസിഫ് അലി പറഞ്ഞു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മള്‍ കേട്ട കഥാപാത്രമായിരിക്കില്ല ഷൂട്ടിങ്ങിന്റെ സമയത്ത് ഉണ്ടാവുകയെന്നും, ഓരോ തവണയും ആ കഥാപാത്രങ്ങള്‍ക്ക് എവല്യൂഷന്‍ സംഭവിക്കുമെന്നും ആസിഫ് പറഞ്ഞു. ജീത്തു ജോസഫിനൊപ്പം ചെയ്ത കൂമന്‍ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ഉദാഹരിച്ചുകൊണ്ടായിരുന്നു ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ഒരുമിച്ച് വര്‍ക് ചെയ്ത ഒരു സംവിധായകന്‍ വീണ്ടും നമ്മളെ വിളിക്കുക എന്ന് പറയുമ്പോള്‍, ആ ക്യാരക്ടറിന് നമ്മള്‍ നൂറ് ശതമാനവും യോജിച്ച ആളായിരിക്കും എന്ന് തോന്നിയിട്ടായിരിക്കുമല്ലോ അവര്‍ വിളിക്കുന്നത്. കൂമന്റെ സമയത്തും ഞാന്‍ അങ്ങനെ സക്‌സസ്ഫുള്ളായി, തുടര്‍ച്ചയായി നല്ല സിനിമകള്‍ ചെയ്യുന്ന സമയവുമല്ല.

ആ സമയത്ത്  ജീത്തു ജോസഫ് വിളിക്കുന്നത് എനിക്ക് വലിയ അത്ഭുതമായിരുന്നു. എന്തിനാണ് എന്നെ വിളിക്കുന്നത് എന്ന ചിന്തയിലായിരുന്നു.

ഞാന്‍ ആദ്യം ഓര്‍ത്തത് ഇതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരിക്കും, അല്ലെങ്കില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കും എന്ന രീതിയിലാണ് സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോകുന്നത്. അവിടെ ചെന്ന് ഇതിന്റെ ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചുകേട്ടപ്പോള്‍ ഞാന്‍ തന്നെ ഹീറോ (ചിരിക്കുന്നു).

ആ സമയത്ത് ഞാന്‍ സാറിനോട് ചോദിച്ചിരുന്നു. അപ്പോള്‍ ഗിരി എന്ന ഈ കഥാപാത്രത്തിന്റെ മാനറിസങ്ങളൊക്കെ നോക്കി വന്നപ്പോള്‍ ഞാനാണ് അതിന് ആപ്‌റ്റെന്ന് തോന്നിയെന്ന് പറഞ്ഞു. ക്യാരക്ടേഴ്‌സിനായുള്ള ആക്ടേഴ്‌സിനെ തെരഞ്ഞെടുക്കുമ്പോള്‍ സാര്‍ അത്രയും പെര്‍ട്ടിക്കുലറാണ്.

കഥാപാത്രത്തെ കുറിച്ച് നമ്മള്‍ എന്താണോ കേട്ടത്, അതിന്റെ 50 ശതമാനം അടുത്ത ഓരോ ഡ്രാഫ്റ്റിലുമായി എവല്യൂഷന്‍ സംഭവിക്കും. കൂമന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ ആദ്യം കേട്ടതില്‍ നിന്നും ഷൂട്ടിങ്ങിലെത്തുമ്പോള്‍ ആ ക്യാരക്ടറിന് ഒത്തിരി മാറ്റം വന്നിരുന്നു. ഒരു ക്രിമിനല്‍ ബുദ്ധിയുടെ ഇടപെടല്‍ അവിടെയാണ് ഉണ്ടാകുന്നത്,’ ആസിഫ് പറഞ്ഞു.

കൂമന്‍

2022ല്‍ ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് കൂമന്‍. കെ.ആര്‍. കൃഷ്ണകുമാറാണ് രചന. ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

സഹപ്രവര്‍ത്തകര്‍ അവഗണിക്കുകയും ചുറ്റുമുള്ളവര്‍ അവജ്ഞയോടെ നോക്കിക്കാണുകയും ചെയ്യുന്ന സി.പി.ഒ ഗിരിശങ്കറിന്റെ കഥയാണ് ചിത്രം പറയുന്നത്. ആസിഫ് അലിക്ക് പുറമെ രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഹന്ന റെജി കോശി, മേഘനാഥന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Actor Asif Ali about Jeethu Joseph

We use cookies to give you the best possible experience. Learn more