സര്‍ക്കീട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ റാസല്‍ഖൈമയിലെ കൊടും തണിപ്പില്‍ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന നടന്‍ ആസിഫ് അലിയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.
‘സര്‍ക്കീട്ടി’ന്റെ സംവിധായകനായ താമറായിരുന്നു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആസിഫ് അലിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
നിലത്ത് കിടന്നുറങ്ങിയതിനെ കുറിച്ചും സിനിമയുടെ ഷൂട്ടിങ് സമയത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ് അലി ഇപ്പോള്‍.
വെളുപ്പിന് രണ്ടര മൂന്ന് മണി സമയത്താണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നതെന്നും പന്ത്രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളിലായിരുന്നു ഷൂട്ടെന്നും ആസിഫ് പറയുന്നു.
‘കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഷൂട്ടിങ് കാണാന്‍ യു.എ.ഇയിലൊക്കെ വരുന്നുണ്ട്. ഇവിടെ സിനിമ ഷൂട്ടിങ് കാണുന്നതും സിനിമയായിട്ട് കാണുന്നതുകൊണ്ടും ആളുകള്‍ക്ക് അങ്ങനെ ഭീകരമായ എക്‌സൈറ്റ്‌മെന്റൊന്നും തോന്നാറില്ല.
യു.എ.ഇയില്‍ ഷൂട്ട് ചെയ്യുന്ന സമയത്തെ കുറിച്ച് പറഞ്ഞാല്‍ ഒരുപാട് മലയാളികള്‍ ഉളള സ്ഥലമാണ് അവിടെ. അവര്‍ക്ക് ഒരു നടന്‍ എന്നുള്ളതിനേക്കാള്‍ കൂടുതല്‍ നമുക്ക് പരിചയമുള്ള ഒരാള്‍ നാട്ടില്‍ നിന്ന് വന്നിട്ടുണ്ടെന്ന സ്‌നേഹവും അടുപ്പവുമാണ്.
അതുകൊണ്ട് കൂടിയാണ് അവിടെ കൂടുതല്‍ ആളുകള്‍ ഷൂട്ടിങ് കാണാന്‍ വരുന്നത്. പ്രത്യേകിച്ച് നൈറ്റ് സീക്വന്‍സ് ഒക്കെ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ ജോലി കഴിഞ്ഞ് വന്ന് വെളുക്കുവോളം ആ ഷൂട്ടിങ് കാണാന്‍ നിന്നിട്ടുണ്ട്.
അത് കഴിഞ്ഞിട്ടാണ് ഞങ്ങളുടെ കൂടെ ഫോട്ടോ എടുക്കാനും സംസാരിക്കാനും ഒക്കെ നിന്നത്. പല സമയത്തും ഭക്ഷണവും ഗിഫ്റ്റുകളുമൊക്കെ കൊണ്ടു തന്നിട്ടുണ്ട്.
പിന്നെ ആ ഫോട്ടോ. നമ്മള്‍ യു.എ.ഇയില്‍ ഡിസംബറിലാണ് ഷൂട്ട് ചെയ്തത്. നമുക്കെപ്പോഴും യു.എ.ഇയെ പറ്റിയും ദുബായിയെ പറ്റിയും പറയുമ്പോള്‍ ചൂടാണ് ഓര്‍മ വരുന്നതെങ്കില്‍ നവംബര്‍ പകുതി മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് അവിടെ അതിഭീകര തണുപ്പാണ്.
ആ തണുപ്പത്താണ് ഷൂട്ട് ചെയ്തത്. വെളുപ്പിന് രണ്ടര മൂന്ന് മണി സമയത്താണ് ആ സീന്‍ നമ്മള്‍ ഷൂട്ട് ചെയ്യുന്നത്. പന്ത്രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകളിലാണ് ഷൂട്ട്. നല്ല തണുപ്പാണ്.
അവിടെ എല്ലാവരും ഇതുപോലെയായിരുന്നു. ഞാന്‍ മാത്രമല്ല. എങ്ങനെയെങ്കിലും ചൂട് കിട്ടാന്‍ സാധ്യതയുള്ള പ്ലാനുകള്‍ എല്ലാവരും ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെ കിടക്കുന്നത് കണ്ടപ്പോള്‍ എടുത്തിട്ട ഫോട്ടോയാണ് അത്. അല്ലാതെ ഞാന് മാത്രമല്ല അങ്ങനെ കിടന്നത്.
പിന്നെ ഷൂട്ടിന് വേണ്ടി എല്ലാ രീതിയിലും സഹകരിക്കുക എന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. ഞാന്‍ ഒരു ഷോട്ട് കഴിഞ്ഞ് ഇവിടെ ഭയങ്കര തണുപ്പാണെന്ന് പറഞ്ഞ് ഈ 12 നില നടന്ന് താഴെ ഇറങ്ങി കാരവനില്‍ പോയി ഇരുന്നിട്ട് ഷോട്ടിന് വിളിക്കുമ്പോള്‍ ഈ 12 നില വീണ്ടും കയറി മുകളില്‍ വരുന്നത് എനിക്കും ഈ ഫുള്‍ ക്രൂവിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
അതിനായി നമ്മള്‍ കണ്ട ടെംപററി ഷെല്‍ട്ടര്‍ ആണ് അത്. സിനിമയുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നടന്മാരെല്ലാം ചെയ്യുന്ന കുഞ്ഞി കുഞ്ഞി കാര്യങ്ങളാണ് ഇതെല്ലാം,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Actor Asif ali about his Viral Photo during shoot