ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവില്‍ നിര്‍ണായക ശക്തിയായ ആര്യ; അനുഭവം പങ്കുവെച്ച് താരം
Malayalam Cinema
ലേഡി സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവില്‍ നിര്‍ണായക ശക്തിയായ ആര്യ; അനുഭവം പങ്കുവെച്ച് താരം
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 24th June 2026, 10:08 pm

തമിഴില്‍ വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2010ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായ മദിരാശി പട്ടണത്തിലൂടെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ആര്യ. പിന്നീട് ഒട്ടനവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായ താരം തെലുങ്കിലും മലയാളത്തിലും തന്റെ സ്ഥാനം അറിയിച്ചിരുന്നു. താരത്തിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത അനന്തന്‍ കാട്.

ആര്യ. Photo: Screen Grab/ Club FM/ Youtube.com

ജൂണ്‍ 25ന് പുറത്തിറങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സിനിമകളൊന്നും ചെയ്യാതെ ഇടവേളയെടുത്തിരുന്ന നയന്‍താരയെ 2013ല്‍ പുറത്തിറങ്ങിയ രാജാറാണിയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ചാണ് ആര്യ സംസാരിച്ചത്.

‘നയന്‍താരയെ സിനിമയിലേക്ക് തിരിച്ച് കൊണ്ടുവന്നത് ഞാനാണെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ല. അവര്‍ അവസാനമായി ചെയ്ത ചിത്രം  ബോസ് എന്‍ഗിറ ഭാസ്‌കരനായിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ എന്നോട് പറഞ്ഞിരുന്നു ഇനി ഒരു ബ്രേക്ക് എടുക്കാന്‍ പോകുകയാണെന്നും സിനിമ ചെയ്യുന്നില്ലെന്നും. അങ്ങനെയിരിക്കെ രാജാറാണി കാസ്റ്റിങ്ങിന് വേണ്ടി ഒരുപാട് പേരെ ട്രൈ ചെയ്തിരുന്നു. പക്ഷേ അതില്‍ ഡബിള്‍ ഹീറോയിന്‍ സബ്‌ജെക്ടായത് കൊണ്ട് പല മുന്‍നിര നടിമാരും പ്രൊജക്ടില്‍ നിന്നും പിന്മാറി.

രാജാറാണി. Photo: JioHotstar

കുറേ പേരോട് റിക്വസ്റ്റ് ചെയ്‌തെങ്കിലും എല്ലാവരും ഓരോ കാരണം പറഞ്ഞ് റിജെക്ട് ചെയ്തു. അങ്ങനെ ഒരു ചാന്‍സ് എടുക്കാമെന്ന് കരുതി നയന്‍താരയോട് ഇങ്ങനെ ഒരു പടമുണ്ട് നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് പറഞ്ഞ് സമീപിച്ചു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഒരുപാട് ഇഷ്ടമാകുകയും ചെയ്യാമെന്ന് പറയുകയായിരുന്നു,’ ആര്യ പറഞ്ഞു.

മുരളി ഗോപി തിരക്കഥയൊരുക്കി ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍ കാട് തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, മുരളി ഗോപി, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Actor Arya talks about Nayantara’s return to cinema

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.