86ഓളം പുതുമുഖ അഭിനേതാക്കള്‍ക്ക് അവസരം നല്‍കിക്കൊണ്ട് ലിജോ ജോസ് ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ചയാളാണ് അപ്പാനി ശരത്. ആന്റണി വര്‍ഗീസ്, അന്ന രാജന്‍ വിനീത് വിശ്വം, ബിട്ടോ ഡേവിസ് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ അരങ്ങേറിയ ചിത്രത്തില്‍ അപ്പാനി ശരത് എന്ന കഥാപാത്രമായിട്ടായിരുന്നു ശരത് വേഷമിട്ടത്.
അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, പോക്കിരി സൈമണ്‍, സണ്ടക്കോഴി 2 തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തന്‍ കാട്. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ അപ്പാനി ശരത് നിര്‍ണായക കഥാപാത്രമായിരുന്നു അവതരിപ്പിച്ചിരുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ തന്റെ കരിയറിനെ കുറിച്ച് അപ്പാനി ശരത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. എസ്.എ.സി മൂവി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ഞാന്‍ കുറച്ചധികം ശ്രദ്ധിക്കണമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അങ്കമാലി ഡയറീസ് ചെയ്തപ്പോള്‍ വലിയ വിജയത്തിലേക്കെത്താന്‍ സാധിച്ചു. അന്ന് ആ സമയത്ത് എന്റെ ചിന്തകളും ഇന്നത്തെ എന്റെ ചിന്തകളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് ഞാന്‍ അല്പം കൂടെ ചിന്തിച്ച് ചെയ്യണമായിരുന്നു എന്നുള്ള കാര്യം ഞാന്‍ സ്വയം മനസിലാക്കുന്നുണ്ട്.
കാരണം ഞാന്‍ എത്തിയിരിക്കുന്നത് മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലേക്കാണെന്ന കാര്യം ഞാന്‍ തിരിച്ചറിയണമായിരുന്നു. അങ്കമാലിയ്ക്ക് ശേഷം നല്ല വേഷങ്ങള്‍ തെരഞ്ഞെടുത്ത് നല്ല രീതിയില്‍ മുന്നോട്ട് പോകണമായിരുന്നു. പക്ഷേ അന്നത്തെ സാഹചര്യങ്ങള്‍ കൊണ്ട് എനിക്കതിന് സാധിച്ചില്ല. എങ്കിലും ഒരുപാട് നല്ല പടങ്ങള്‍ ചെയ്തിട്ടുണ്ട്. വെളിപാടിന്റെ പുസ്തകം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 തുടങ്ങി ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു.
ഇതിനെല്ലാം പുറമെ ഞാന്‍ ആള്‍ക്കാരുമായി ഭയങ്കരമായി ഓപ്പണാകുന്നുണ്ടായിരുന്നു. അങ്ങനെ പെട്ടെന്ന് എല്ലാവരുടെയും അടുത്ത് കയറി ഓപ്പണാകേണ്ട കാര്യം ഒന്നുമില്ലായിരുന്നു. ഇത്തരത്തില്‍ കുറച്ച് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി,’ അപ്പാനി ശരത് പറഞ്ഞു.
Content Highlight: Actor Appani Sharath talks about his Film Career
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.