| Friday, 4th July 2025, 10:56 pm

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ചെയ്തതില്‍ ഇപ്പോള്‍ റിഗ്രറ്റുണ്ട്; ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റബോധം തോന്നിയ കഥാപാത്രം: ആനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ രചന നിര്‍വഹിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. 2011ല്‍ പുറത്തിറങ്ങിയ ഈ ആക്ഷന്‍ ത്രില്ലര്‍ സിനിമയില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാര്‍ തുടങ്ങി വലിയ താരനിരയായിരുന്നു ഒന്നിച്ചത്.

ചിത്രത്തില്‍ നടന്‍ ആനന്ദ് ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ക്രിസ്റ്റി എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റായ രഞ്ജിത്ത് ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോള്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സിനിമയെ കുറിച്ച് പറയുകയാണ് ആനന്ദ്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ വേഷം ചെയ്തതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നാണ് നടന്‍ പറയുന്നത്. മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുന്നതായിരുന്നു തന്റെ റോളെന്നും പിന്നീട് എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന് താന്‍ ആലോചിച്ചുവെന്നും ആനന്ദ് പറഞ്ഞു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ എന്തിനാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എനിക്ക് ആ റോള്‍ ചെയ്തതില്‍ ഇപ്പോള്‍ റിഗ്രറ്റുണ്ട്. സത്യമാണ് ഞാന്‍ പറയുന്നത്. കാരണം അവര്‍ വിളിച്ചതും ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോകുകയായിരുന്നു.

മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുന്നതായിരുന്നു എന്റെ റോള്‍. പിന്നീട് എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു. സത്യത്തില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന റോളാണ് അത്.

എന്തിനാണ് ആ സിനിമ ചെയ്തത് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാത്ത കാര്യമാണ്. ഞാന്‍ സെറ്റില്‍ അതിനെ കുറിച്ചൊന്നും പറയാതെ ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. എന്തായാലും റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയില്ലേ.

ആദ്യം പത്ത് ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. പിന്നെയത് ഇരുപത് ദിവസമായി. ഇത്രയാണ് എനിക്ക് ലഭിക്കേണ്ടതെന്ന് പറഞ്ഞ് ഞാന്‍ എന്റെ പൈസ തരാന്‍ ആവശ്യപ്പെട്ടു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു.

അന്ന് സെറ്റില്‍ വെച്ച് ബിജു മേനോന്‍ എന്നോട് എന്തിനാണ് ആനന്ദ് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. എനിക്ക് ഇപ്പോഴും അതൊക്കെ ഓര്‍മയുണ്ട്. ബിജു മേനോന് അത് ഓര്‍മയുണ്ടോയെന്ന് എനിക്ക് അറിയില്ല. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ചെയ്തതില്‍ എനിക്ക് നല്ല കുറ്റബോധമുണ്ട്,’ ആനന്ദ് പറയുന്നു.


Content Highlight: Actor Anand Talks About His Role In Christian Brothers Movie

We use cookies to give you the best possible experience. Learn more