ഇന്റർവ്യൂവിൽ ധ്യാനിനോട് ബഹുമാനം കാണിച്ചില്ലെന്ന വിമർശനം: പ്രതികരണവുമായി നടൻ അമീൻ
Malayalam Cinema
ഇന്റർവ്യൂവിൽ ധ്യാനിനോട് ബഹുമാനം കാണിച്ചില്ലെന്ന വിമർശനം: പ്രതികരണവുമായി നടൻ അമീൻ
നന്ദന എം.സി
Thursday, 29th January 2026, 12:44 pm

മലയാള സിനിമയിൽ അഭിനയത്തേക്കാൾ അധികം ഇന്റർവ്യൂകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകനെന്ന നിലയിൽ തന്നെ, ഹ്യൂമറിനും സംസാര ശൈലിയ്ക്കും ധ്യാൻ പ്രത്യേക ശ്രദ്ധ നേടാറുണ്ട്. അദ്ദേഹത്തിന്റെ നിരവധി ഇന്റർവ്യൂകൾ ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നവയാണ്.

ധ്യാൻ, അമീൻ,Photo: YouTube/ Screengrab

ഇതിനിടെ, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ധ്യാൻ ശ്രീനിവാസനും നടൻ അമീനും തമ്മിൽ നടന്ന സംഭാഷണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്റർവ്യൂവിനിടെ ധ്യാനിനോട് ആവശ്യമായ ബഹുമാനം കാണിച്ചില്ലെന്ന ആരോപണങ്ങളോടെ അമീനിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോൾ, ആ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമീൻ.

സാഗർ സൂര്യയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്രകമ്പനം’ എന്ന ചിത്രമാണ് അമീനിന്റെ വരാനിരിക്കുന്ന ചിത്രം. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അമീൻ അവതരിപ്പിക്കുന്നുണ്ട്. പ്രകമ്പനം ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് വിമർശനങ്ങളെക്കുറിച്ച് താരം പ്രതികരിച്ചത്.

പ്രകമ്പനം,Photo: Book My Show

‘ഇന്റർവ്യൂവിൽ ഞാനും ധ്യാൻ ചേട്ടനും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ പറയുന്ന ഒരു നിമിഷമാണ് ആളുകൾ കണ്ടത്. പക്ഷേ, ലൊക്കേഷനിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം അതിനപ്പുറത്തുള്ളതാണ്. പുറത്തുനിന്ന് കാണുന്നവർക്ക്, പുതുതായി വന്ന ഒരാൾ സീനിയർ ആക്ടറെ കളിയാക്കുന്നതായി തോന്നിയതാകാം. അതുകൊണ്ടാണ് ബഹുമാനം ഇല്ലെന്ന തരത്തിലുള്ള കമന്റുകൾ വന്നത്. അതിന് ശേഷം, എന്നേക്കാൾ സീനിയർ ആയ എല്ലാ അഭിനേതാക്കളോടും ഇന്റർവ്യൂവുകളിൽ വളരെ അച്ചടക്കത്തോടെ പെരുമാറാൻ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്,’ അമീൻ പറഞ്ഞു.

പ്രകമ്പനം,Photo: YouTube/ Screengrab

പ്രകമ്പനം സിനിമയുടെ ഷൂട്ടിങ് സെറ്റിൽ താനും സാഗർ സൂര്യയും ഗണപതിയും എല്ലായ്പ്പോഴും ഒരുമിച്ചാണ് സമയം ചെലവഴിക്കാറുള്ളതെന്നും, സെറ്റിൽ നല്ല സൗഹൃദവും അന്തരീക്ഷവും ഉണ്ടായാലേ കോമഡി രംഗങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയൂവെന്നും താരം കൂട്ടിച്ചേർത്തു. ഈ സൗഹൃദം സിനിമയിൽ വ്യക്തമായി കാണാനാകുമെന്നും, പ്രേക്ഷകർക്ക് നല്ലൊരു അനുഭവം നൽകുന്ന ചിത്രമായിരിക്കും പ്രകമ്പനം എന്നും അമീൻ പറഞ്ഞു.

വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന പ്രകമ്പനം ഹോസ്റ്റൽ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഹോസ്റ്റലിലെ തമാശകളും ആഘോഷങ്ങളും നിറഞ്ഞ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഹൊറർ ഘടകങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറിന്റെ പ്രധാന ആകർഷണം.

‘നിന്റെ കാമുകൻ ആൽഫയും ബീറ്റയുമല്ല, ഗേ ആണ്’ എന്ന സാഗർ സൂര്യയുടെ ഡയലോഗ് ട്രെയിലറിലെ ശ്രദ്ധേയമായ രസകരമായ ഭാഗങ്ങളിലൊന്നാണ്. ഡിപ്രഷൻ സർട്ടിഫിക്കറ്റ്, പ്ലാൻ ബി തുടങ്ങിയ ഘടകങ്ങളിലൂടെ പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ചിത്രത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Content Highlight: Actor Ameen responds to criticism of not showing respect to Dhyan sreenivasan  in interview

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.