| Saturday, 15th March 2025, 3:12 pm

'നിങ്ങള്‍ ഉള്ള കാര്യം പറ, എനിക്ക് വീട്ടില്‍ പോണം': ഒടുവില്‍ ദിലീഷ് പോത്തന്‍ എന്റെയടുത്ത് കാര്യം പറഞ്ഞു: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, അലന്‍സിയര്‍, സൗബിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം.

മികച്ചൊരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരുന്നു ചിത്രം പ്രേക്ഷകന് സമ്മാനിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പലരുടേയും പേഴ്‌സണല്‍ ഫേവറൈറ്റ് കൂടിയാണ് മഹേഷിന്റെ പ്രതികാരം.

ഫഹദിന്റേയും അലന്‍സിയറിന്റേയൊമൊക്കെ പ്രകടനം ചിത്രത്തില്‍ ഏറെ മികച്ചു നിന്നിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ എത്തിയ കഥ പങ്കുവെക്കുകയാണ് നടന്‍ അലന്‍സിയര്‍.

ഷൂട്ടിനിടെ തനിക്കുണ്ടായ ചെറിയൊരു സംശയത്തെ കുറിച്ചുമൊക്കെ അലന്‍സിയര്‍ സംസാരിക്കുന്നുണ്ട്.

‘ അമേരിക്കയില്‍ മണ്‍സൂണ്‍ മാങ്കോസിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഫഹദ് ഫാസിലാണ് ദിലീഷ് പോത്തന്റെ കോള്‍ എനിക്ക് തരുന്നത്. ചേട്ടന് ദിലീഷ് പോത്തനെ അറിയാമോ എന്ന് ഫഹദ് എന്നോട് ചോദിച്ചു. ഇല്ല എനിക്കറിയില്ല എന്ന് പറഞ്ഞു.

അങ്ങനെ അവിടെ വെച്ച് ഫഹദ് ഫോണ്‍ തരുമ്പോഴാണ് ആദ്യമായി ദിലീഷിനോട് സംസാരിക്കുന്നത്. ചേട്ടാ, എന്റെ പേര് ദിലീഷ് പോത്തന്‍, ഞാന്‍ ആഷിഖ് അബുവിന്റെയൊക്കെ അസോസിയേറ്റായിട്ട് വര്‍ക്ക് ചെയ്യുകയാണ്.

ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്. ഫഹദാണ് നായകന്‍. നിങ്ങള്‍ക്കും ഒരു വേഷമുണ്ട്. ചേട്ടന് അഭിനയിക്കാമോ എന്ന് ചോദിച്ചു. അപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ഞാന്‍ അഭിനയിക്കാന്‍ ജനിച്ചവനല്ലേ അഭിനയിച്ചേക്കാമെന്ന്.

അങ്ങനെയാണ് എനിക്ക് ബേബിച്ചേട്ടന്റെ വേഷം ലഭിക്കുന്നത്. അതുകഴിഞ്ഞ് ഷൂട്ട് തുടങ്ങിയപ്പോള്‍ ഇടുക്കി ഭാഗത്ത് ചെന്ന് എന്റെ ഷോട്ട് വിളിക്കുന്നതും കാത്ത് ഇരിക്കുകയാണ്. ലൊക്കേഷനില്‍ ദിലീഷും ശ്യാം പുഷ്‌ക്കരനുമൊക്കെയുണ്ട്.

രാവിലെ മുതല്‍ കാത്തിരിക്കുന്ന എന്നെ ഉച്ചയായിട്ടും ഷോട്ടിന് വിളിക്കുന്നില്ല. എന്നെ അവര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലേ എന്ന് എനിക്കൊരു സംശയം. ബ്രേക്കായപ്പോള്‍ സത്യസന്ധമായി ദിലീഷിനോട് ചോദിച്ചു.

നിങ്ങള്‍ ഉള്ള കാര്യം പറ, എനിക്ക് വീട്ടില്‍ പോണം. നിങ്ങള്‍ക്ക് എന്റെ കാസ്റ്റിങ് അത്ര ശരിയായില്ല എന്ന് തോന്നുകയാണെങ്കില്‍ ഞാനങ്ങ് പോയ്‌ക്കോളാം. വേറെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.

നിങ്ങള്‍ ഇടക്കിടെ വന്ന് നോക്കിക്കൊണ്ടിരിക്കുന്നതും അപ്പുറത്തുപോയി മാറി നിന്ന് സംസാരിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. ചിലപ്പോള്‍ എന്റെ സംശയമായിരിക്കാമെന്നും പറഞ്ഞു.

അപ്പോള്‍ ദിലീഷ്, ചേട്ടന് താടി വെക്കണോ താടിയെടുക്കണോ കുറ്റിത്താടിയാക്കണോ എന്നതാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞു. ഇതുകേട്ടതും ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി,’ അലന്‍സിയര്‍ പറയുന്നു.

Content Highlight: Actor Alancier about Maheshinte Prathikaram

Latest Stories

We use cookies to give you the best possible experience. Learn more