| Friday, 25th April 2025, 1:02 pm

മലയാളം, തമിഴ് സിനിമകളുടെയത്ര നിലവാരം ബോളിവുഡ് സിനിമകള്‍ക്കില്ലെന്ന അഭിപ്രായമില്ല; പക്ഷേ മെച്ചപ്പെടാനുണ്ട്: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമ നേരിടുന്ന തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ ആമീര്‍ ഖാന്‍.

സൗത്ത് സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദി സിനിമകള്‍ അതേ നിലവാരം പുലര്‍ത്തുന്നില്ലെന്ന ഒരഭിപ്രായം തനിക്കില്ലെന്നായിരുന്നു ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബോളിവുഡ് സിനിമാ വ്യവസായത്തെ കുറിച്ച് ചില ആശങ്കങ്ങള്‍ ഉയര്‍ന്നുവരുന്നണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ആമിര്‍ ഖാന്റെ മറുപടി.

നല്ല എഴുത്തുകളും നല്ല കഥകളും ഉണ്ടാകുന്നില്ലെന്നും ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സംഭവിക്കുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നത് എന്നായിരുന്നു ചോദ്യം.

‘ എനിക്ക് തോന്നുന്നത് തീര്‍ച്ചയായും ഫിലിം മേക്കേഴ്‌സ് എന്ന നിലയില്‍ നമുക്കിനിയും മെച്ചപ്പെടാന്‍ ഉണ്ടെന്ന് തന്നെയാണ്. അതിനുള്ള സാധ്യതകളും ഉണ്ട്. വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നും നമുക്ക് പഠിക്കാം. അതിനുള്ള സാധ്യത തീര്‍ച്ചയായും ഉണ്ട്.

ഫിലിം മേക്കിങ് ക്വാളിറ്റിയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായതായി എനിക്ക് തോന്നുന്നില്ല. ഹിന്ദി സിനിമകളുടെ ക്വാളിറ്റി മറ്റ് വ്യത്യസ്ത ഭാഷകളിലെ, ഉദാഹരണത്തിന് തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, മറാഠി ഇവയില്‍ നിന്നൊക്കെ വലിയ വ്യത്യാസം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ,’ ആമിര്‍ ഖാന്‍ ചോദിച്ചു.

മറ്റ് ഭാഷകളില്‍ നിര്‍മിക്കപ്പെടുന്ന നല്ല സിനിമകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചപ്പോള്‍ ഹിന്ദിയില്‍ അത് സംഭവിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നുമായിരുന്നു ആമിര്‍ ഖാന്റെ മറുപടി.

‘നമ്മള്‍ നിര്‍മിക്കുന്ന സിനിമകളുടെ ക്വാളിറ്റിയെ കുറിച്ച് പറയുമ്പോള്‍ 70 കളുടേയും 80 കളേയും കുറിച്ച് പറയേണ്ടി വരും. ഞാന്‍ സിനിമയിലേക്ക് വരുന്നത് 88 ലാണ്.

ഒരു പ്രേക്ഷന്‍ എന്ന നിലയില്‍ 70 കളുടെ തുടക്കം മുതല്‍ 80 കളുടെ അവസാനം വരെ നിര്‍മിച്ച സിനിമകളില്‍ പലതും മോശം സിനിമകളായിരുന്നു. പിന്നെ നമ്മള്‍ അതില്‍ നിന്നും വളരെയേറെ മെച്ചപ്പെട്ടു.

90 കളിലും 2000ത്തിലുമൊക്കെ അത് സംഭവിച്ചു. ആ സമയമായപ്പോഴേക്കും പ്രേക്ഷകരും ഒരുപാട് മാറി. അവര്‍ കൂടുതല്‍ ഓപ്പണ്‍ ആയി. വ്യത്യസ്തതരം സിനിമകള്‍ കാണാന്‍ അവര്‍ ആഗ്രഹിച്ചു.

മുന്‍പൊക്കെ മെയിന്‍ സ്ട്രീം എന്നത് വളരെ ഇടുങ്ങിയ ഒരു വഴിയായിരുന്നു. എന്നാല്‍ ഇന്ന് മെയിന്‍സ്ട്രീം വളരെ വിശാലമായി. വ്യത്യസ്ത തരം സിനിമകള്‍ നന്നായി വരുന്നു. അത് നല്ല കാര്യമാണ്. മോശം കാര്യമല്ല.

ഞാന്‍ പറയുന്നത് ഇനിയും മെച്ചപ്പെടാനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ്. പക്ഷേ ആ മെച്ചപ്പെടല്‍ പതുക്കെയാണെന്ന് മാത്രം. അതിന് സമയമെടുത്തേക്കാം.

പിന്നെ ഉയര്‍ച്ചയും താഴ്ചയും എല്ലാ ഫീല്‍ഡിലും ഉണ്ട്. ഇന്ന് ഹിന്ദി സിനിമകള്‍ ഒരു താഴ്ന്ന നിലയിലൂടെ കടന്നുപോകുന്നു. അതില്‍ സംശയമില്ല. അത് എല്ലാ മേഖലിലും സംഭവിക്കുന്നതാണ്. അത് പുതുതായി സംഭവിക്കുന്ന ഒരു കാര്യമായും ഞാന്‍ കരുതുന്നില്ല. ഇതൊരു സൈക്കിളാണ്,’ ആമിര്‍ ഖാന്‍ പറഞ്ഞു.

Content Highlight: Actor Aamir Khan Compares Bollywood and Malayalam Tamil Movies

We use cookies to give you the best possible experience. Learn more