സമൂഹവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പ്രഭാഷണം നടത്തുന്ന രജത് കുമാറിനെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശം. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രജത് കുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അന്ധവിശ്വാസവും അശാസ്ത്രീയവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് രജിത് കുമാറെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2013 ലാണ് തിരുവനന്തപുരം വിമണ്‍സ് കോളേജിലെ പൊതുപരിപാടിക്കിടെ പെണ്‍കുട്ടികളെ അപമാനിച്ച് സംസാരിച്ച് രജത് കുമാര്‍ വിവാദത്തിലായത്. പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ ഇവയായിരുന്നു.
“പുരുഷന് വെറും പത്ത് മിനിട്ട് കൊണ്ട് ഗര്‍ഭം ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ സ്ത്രീക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസം വേണ്ടി വരും. ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികള്‍ക്കാണ് ഭര്‍ത്താവിന്റെ സ്‌നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. മിടുക്കന്‍മാരായ ആണ്‍കുട്ടികള്‍ വിചാരിച്ചാല്‍ പത്തുമിനുട്ട് കൊണ്ട് വളയുന്നവരാണ് പെണ്‍കുട്ടികള്‍”.
ഈ പരാമര്‍ശത്തിനെതിരെ അന്ന് ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ സുരേഷ് പ്രതികരിച്ചത് കൂവി വിളിച്ചായിരുന്നു. രജത് കുമാറിനെതിരെയുള്ള ആദ്യ പ്രതിഷേധം. രജത് കുമാറിനെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്നാണ് ആര്യയുടെ പ്രതികരണം.
“അന്നത്തെ കൂവല്‍ സംഭവത്തിന് ശേഷം രജത് കുമാറിന്റെ പോപ്പുലാരിറ്റി കൂടുകയാണ് ചെയ്തത്. ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി വൈകിയെന്നാണ് എന്റെ അഭിപ്രായം. അന്ന് വിവാദമായതിന് ശേഷവും ഗവണ്‍മെന്റ് പരിപാടികളില്‍ പോലും പങ്കെടുപ്പിക്കാറുണ്ടെന്ന് അറിഞ്ഞു. ശാസ്ത്രീയമായി തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പ്രൊഫസര്‍ എന്ന പേരില്‍ എന്തും പറയാമെന്നാണോ.” ആര്യ പറയുന്നു.
ആര്യ
ഇദ്ദേഹം വിദേശങ്ങളില്‍ പോലും പോയി ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. ആരുവന്ന് ഉപദേശം നല്‍കിയാലും സ്വീകരിക്കാമെന്ന രീതിയിലാണ് വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ പോലും ഇപ്പോള്‍ ചെയ്യുന്നതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അതാണ് ഇയാളെ പോലുള്ളവര്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കുന്നത്. കുട്ടികളുടെ വസ്ത്രധാരണം പുറത്തുള്ളവര്‍ പറയുന്നതിന് അനുസരിച്ചാണ് രക്ഷിതാക്കള്‍ നിശ്ചയിക്കുന്നത്. ഫ്യൂഡല്‍ മെന്റാലിറ്റിയില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല മലയാളി”. ആര്യ വിമര്‍ശിക്കുന്നു.
രജത് കുമാറിനെ ആദരിച്ച ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്തതും വിവാദമായി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുമെതിരെയുള്ള പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കി.
“പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ ടൈറ്റ് സീന്‍സ് ധരിച്ചാല്‍ ഇടുപ്പെല്ല് ചുരുങ്ങും. അതിനകത്ത് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാനുള്ള ഗര്‍ഭപാത്രം ചുരുങ്ങും. നല്ല കുടുംബത്തിലെ പയ്യന്റെ വിത്ത് കിടുകിടിലമായിരിക്കും. ആക്രി പിള്ളേരുടേത് ഇപ്പോഴൊന്നും അങ്ങനെ ആയിരിക്കില്ലെങ്കിലും ശ്രമിച്ചാല്‍ ആവും. നല്ല വിത്ത് അത്തരമൊരു ഗര്‍ഭപാത്രത്തിലെത്തിയാല്‍ കുഞ്ഞ് വളര്‍ന്ന് തുടങ്ങുമ്പോള്‍ അതിന് കൊള്ളാതാവും. പിന്നീട് സിസേറിയന്‍ മാത്രമാകും പോംവഴി.”
സിസേറിയന്‍ ബ്രെസ്റ്റ് കാന്‍സറിന് കാരണാകും. കേരളത്തില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വന്ന പത്ത് പേരില്‍ ഏഴ് പേരും സിസേറിയന്‍ ചെയ്തവരാകുമെന്നും രജത് കുമാര്‍ പറഞ്ഞിരുന്നു. സിസേറിയന്‍ ചെയ്തവര്‍ക്ക് നാല്പത്തിയഞ്ച് വയസ്സിനുള്ളില്‍ ക്യാന്‍സര്‍ വരും. ടൈറ്റ് ജീന്‍സ് ഇടുന്നത് ഗര്‍ഭപാത്രത്തില്‍ ക്യാന്‍സറുണ്ടാകാനും മൂത്രാശയ രോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ സന്താനോല്‍പ്പാദന ശേഷിയേയും ബാധിക്കും. ആണ്‍വേഷം ധരിക്കുന്ന സ്ത്രീക്കുണ്ടാകുന്ന കുഞ്ഞ് ആണും പെണ്ണും അല്ലാത്തതായിരിക്കും. അവരെ വിളിക്കുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡര്‍. നിഷേധികളായവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഓട്ടിസമുള്ളവരായിരിക്കും”. ഇതൊക്കെയാണ് രജത് കുമാറിന്റെ വാദങ്ങള്‍.
മൈക്രോ ബയോളജിയില്‍ ഡോക്ടടറേറ്റ് ഉണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് അശാസ്ത്രീയമായ കാര്യങ്ങള്‍ രജത് കുമാര്‍ പ്രചരിപ്പിക്കുന്നത്. ഈ വാക്കുകള്‍ തന്നെ അതിന് ഉദാഹരണമാണ്.
“ജീന്‍സിട്ടാല്‍ ഞെങ്ങിഞെരുങ്ങി ഒവേറിയന്‍ ഫോളിക്കുകകള്‍ നശിക്കും. വന്ധ്യത വരും. സിസേറിയന്‍ ചെയ്താല്‍ കാന്‍സര്‍ വരും. സാധാരണ പ്രസവത്തില്‍ പ്രഷര്‍ ചെയ്യുമ്പോള്‍ ബ്രസ്റ്റിലെ ആല്‍വിയോളൈ തുറക്കും. അതിലൂടെ കാന്‍സര്‍ വരുന്നത് തടയുന്നു. കാന്‍സര്‍ വരുന്നവരില്‍ പത്തില്‍ ഏഴും സിസേറിയന്‍ കഴിഞ്ഞവരാണ്”.
മതങ്ങളെ പോലും കൂട്ടുപിടിച്ചാണ് ഇദ്ദേഹം അശാസ്ത്രീയത പ്രചരിപ്പിക്കുന്നതെന്ന് ശീതള്‍ ശ്യാം പറയുന്നു. അധ്യാപകനായിട്ട് ജോലി ചെയ്യുന്ന ആളാണ് രജത് കുമാര്‍. പി.എച്ച്.ഡി ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. എന്നിട്ടാണ് ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത്.
ഹിന്ദുക്കളുടെ പരിപാടിയില്‍ ഭഗവത്ഗീതയും പുരാണങ്ങളും എടുത്ത് സംസാരിക്കും. ഹിന്ദുത്വത്തെ പുകഴ്ത്തും. ഹിന്ദു ദൈവങ്ങളാണ് മികച്ചതെന്ന് പറയും. മുസ്‌ലിങ്ങളുടെ പരിപാടിയില്‍ ഖുര്‍ ആനെയും പ്രവാചകനേയും പുകഴ്ത്തും. ഇതുപോലെ മതങ്ങളേയും ദര്‍ശനങ്ങളേയും കൂട്ടു പിടിച്ചാണ് മുന്നോട്ട് പോകുന്നത്ശീതള്‍ കൂട്ടിച്ചേര്‍ത്തു.
സൗജന്യമായാണ് ക്ലാസ്സ് നല്‍കുന്നതെന്ന് പറയുന്നത് ശരിയല്ല. പല സ്ഥലങ്ങളില്‍ നിന്നും പണം വാങ്ങുന്നു. റിസോഴ്‌സ് പേഴ്‌സണായി ഇരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ല. ട്രാന്‍സ്ജന്‍ഡറേഴ്‌സിനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ഞങ്ങള്‍ പരാതി നല്‍കിയിരുന്നുവെന്നും ശീതള്‍ പറഞ്ഞു.
എന്നാല്‍ രജത് കുമാറിനെതിരായ നടപടി മാറ്റി നിര്‍ത്തലില്‍ ഒതുങ്ങരുതെന്നും നിയമ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുമാണ് ഉയരുന്ന ആവശ്യം.