ന്യൂദൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന് തുരങ്കം വെക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സമാധാനത്തിലേക്കുള്ള ഏക വിശ്വസിനീയമായ മാർഗം നയതന്ത്രമാണെന്നും
പുടിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യങ്ങൾ തമ്മിലുള്ള ശത്രുത തുടരുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ സംഘർഷത്തെ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘റഷ്യൻ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുമുള്ള പ്രായോഗികമായ മാർഗം തുടർച്ചയായ നയതന്ത്ര ശ്രമങ്ങളാണ്. അതിനെ ദുർബലപ്പെടുത്തുന്ന പ്രവൃത്തികൾ ഒഴിവാക്കണം,’ നരേന്ദ്ര മോദി എക്സിൽ പറഞ്ഞു.
റഷ്യയിലെ നോവ്ഗൊറോഡ് മേഖലയിലെ വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഉക്രൈൻ ഡ്രോണാക്രമണം നടന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചതിന് പിന്നാലെയാണ് മോദിയുടെ പരാമർശം.
എന്നാൽ ആക്രമണം നടത്തിയെന്ന ആരോപണം ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തള്ളിയിരുന്നു. ആരോപണം നുണയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.