വ്യാജ പരാതിയില്‍ നടപടിയെടുക്കണം; അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍
Kerala
വ്യാജ പരാതിയില്‍ നടപടിയെടുക്കണം; അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 10:22 pm

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ പീഡനക്കേസിലെ അതിജീവിതക്കെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. തിരുവനന്തപുരം സൈബര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

തനിക്കെതിരായ വ്യാജ പരാതികളില്‍ ഐ.പി.സി 211, ബി.എന്‍.എസ് 248 എന്നീ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പട്ടിരിക്കുന്നത്.

പരാതിക്ക് പിന്നാലെ നാളെ (തിങ്കള്‍) രാവിലെ പത്ത് മണിക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ രാഹുല്‍ ഈശ്വറിന് നിര്‍ദേശമുണ്ട്. ഇ-മെയില്‍ മുഖേനയാണ് രാഹുല്‍ പരാതി കൈമാറിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നല്‍കിയിരുന്നു. രാഹുല്‍ തന്റെ ജീവിതം തകര്‍ത്തുവെന്നും രാഹുലിന്റെ ഇടപെടല്‍ മൂലം വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇതിനുപിന്നാലെ അതിജീവിതയെ അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. തുടർന്ന് രാഹുല്‍ ഈശ്വറിനെതിരെ അതിജീവിത സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ചാണ് അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമുള്ള യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബി.എന്‍.എസ് 72, 75, 79, 351 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.

മേലാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപാധിയോടെയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിനെ ജാമ്യത്തില്‍ വിട്ടത്.

Content Highlight: Action should be taken against fake complaint; Rahul Easwar files complaint against survivor

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.