| Thursday, 6th February 2025, 4:36 pm

റോഷാക്കിലെ ആ ഫൈറ്റ് സീനിന് ഡ്യൂപ്പിടാമെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ മമ്മൂട്ടി സാറിന്റെ മറുപടി എന്നെ ഞെട്ടിച്ചു: കലൈ കിങ്‌സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച ആക്ഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ് കലൈ കിങ്‌സണ്‍. റോഷാക്ക്, മാര്‍ക്കോ, ഭ്രമയുഗം, വാഴ, നടികര്‍ എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തത് കലൈ കിങ്‌സണ്‍ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രമെന്ന് അവകാശപ്പെട്ട മാര്‍ക്കോയിലെ സംഘട്ടനരംഗങ്ങള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

മമ്മൂട്ടി നായകനായ റോഷാക്കിലെ ആക്ഷന്‍ രംഗങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കലൈ കിങ്‌സണ്‍. ചിത്രത്തില്‍ മമ്മൂട്ടിയെ ഒരു അദൃശ്യശക്തി ആക്രമിക്കുന്ന ഫൈറ്റ് സീന്‍ രംഗം ഷൂട്ട് ചെയ്ത സമയത്ത് താന്‍ വലിയ ടെന്‍ഷനിലായിരുന്നെന്ന് കിങ്‌സണ്‍ പറഞ്ഞു. മമ്മൂട്ടി ചുമരിലിടിച്ച് വീഴുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നെന്നും ഇടിക്കുന്ന ഭാഗം മാത്രം ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ആദ്യം പ്ലാന്‍ ചെയ്‌തെന്നും കിങ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയുടെ ഒരു ക്ലോസ് ഷോട്ട് ആദ്യമേ എടുത്തിരുന്നെന്നും ഡ്യൂപ്പിന്റെ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ലെന്നും കിങ്‌സണ്‍ പറഞ്ഞു. ആ ചുമരിലിടിച്ച് വീഴുന്നത് താന്‍ തന്നെ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും അത് കേട്ടപ്പോള്‍ തനിക്ക് വലിയ ടെന്‍ഷനായെന്നും കിങ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രായവും ആ സ്റ്റണ്ട് ചെയ്യുന്നതിലെ റിസ്‌കും അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി അത് ചെയ്തതെന്നും കിങ്‌സണ്‍ പറഞ്ഞു.

ചുമരിലിടിക്കുന്ന സമയത്തോ താഴെ ലാന്‍ഡ് ചെയ്യുന്ന സമയത്തോ എന്തെങ്കിലും പരിക്ക് പറ്റുമോ എന്ന് തനിക്ക് പേടിയുണ്ടായിരുന്നെന്ന് കലൈ കിങ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ആ ഷോട്ടിന് റോപ്പ് പിടിച്ചത് താനായിരുന്നെന്നും കൈ വിറച്ചപ്പോഴും എങ്ങനെയോ ആ ഷോട്ട് ഓക്കെയാക്കിയെന്നും കിങ്‌സണ്‍ പറഞ്ഞു. സിനിമക്ക് വേണ്ടി റിസ്‌കെടുക്കുന്ന നടനാണ് മമ്മൂട്ടിയെന്നും കിങ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു കലൈ കിങ്‌സണ്‍.

‘റോഷാക്കിലെ ഒരു ഫൈറ്റ് സീന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ വല്ലാതെ ടെന്‍ഷനടിച്ചിരുന്നു. അതില്‍ അദ്ദേഹത്തെ ഗോസ്റ്റ് അറ്റാക്ക് ചെയ്യുന്ന സമയത്ത് ചുമരിലിടിച്ച് വീഴുന്നത് ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്നായിരുന്നു പ്ലാന്‍ ചെയ്തത്. മമ്മൂട്ടി സാറിന്റെ ക്ലോസ് ഷോട്ട് എടുത്ത ശേഷം ബാക്കി ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ‘ഇത്രയും ഞാന്‍ ചെയ്തില്ലേ, ബാക്കി ഡ്യൂപ്പ് ചെയ്താല്‍ എങ്ങനെ ശരിയാകും. അതും ഞാന്‍ തന്നെ ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് അത് കേട്ടതും ടെന്‍ഷന്‍ കൂടി. കാരണം, അങ്ങനെയൊരു സ്റ്റണ്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം നമ്മള്‍ നോക്കണമല്ലോ. ചുമരില്‍ ഇടിക്കുമ്പോഴോ, താഴെ ലാന്‍ഡ് ചെയ്യുമ്പോഴോ എന്തെങ്കിലും പറ്റുമോ എന്ന് പേടിയായി. ആ സീനിന് റോപ്പ് പിടിച്ചത് ഞാനായിരുന്നു. എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ഈ പ്രായത്തിലും സിനിമക്ക് വേണ്ടി മമ്മൂട്ടി സാര്‍ എടുക്കുന്ന റിസ്‌ക് അഭിനന്ദിക്കേണ്ടതാണ്,’ കലൈ കിങ്‌സണ്‍ പറഞ്ഞു.

Content Highlight: Action director Kalai Kingsong shares the experience with Mammootty in Rorschach movie

We use cookies to give you the best possible experience. Learn more