മഡൂറോയ്ക്കും പങ്കാളിക്കുമെതിരായ നടപടി; അമേരിക്കന്‍ ജനതയിത് ആഗ്രഹിക്കുന്നില്ല: കമല ഹാരിസ്
World
മഡൂറോയ്ക്കും പങ്കാളിക്കുമെതിരായ നടപടി; അമേരിക്കന്‍ ജനതയിത് ആഗ്രഹിക്കുന്നില്ല: കമല ഹാരിസ്
നിഷാന. വി.വി
Sunday, 4th January 2026, 12:29 pm

വാഷിങ്ടണ്‍: വെനസ്വലെന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറയേയും പങ്കാളി സീലിയ ഫ്‌ളോറസിനെയും ബന്ദികളാക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി യു.എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്.

അമേരിക്കന്‍ ജനത ഇതാഗ്രഹിക്കുന്നില്ലെന്നും സൈനികരെ ട്രംപ് അപകടത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും കമല ഹാരിസ് പ്രതികരിച്ചു.

മയക്കുമരുന്നിനെ കുറിച്ചുള്ള ആശങ്കകളല്ല മറിച്ച് എണ്ണയ്ക്ക് മേലുള്ള താത്പര്യങ്ങളാണ് മഡൂറോയ്‌ക്കെതിരായ ഓപ്പറേഷന് പിന്നിലെന്നും കമല വിമര്‍ശിച്ചു.

വെനസ്വലെയിലെ ട്രംപിന്റെ നടപടികള്‍ അമേരിക്കയെ പ്രതികൂലമായി ബാധിക്കുമെന്നും നിര്‍ബന്ധിത ഭരണമാറ്റം മേഖലയെ അസ്ഥിരപ്പെടുത്തുകയും അമേരിക്കന്‍ ജീവിതങ്ങളെ ബാധിക്കുമെന്നും കമല മുന്നറിയിപ്പ് നല്‍കി.

‘അമേരിക്കന്‍ ജനത ഇത്തരം സൈനിക നടപടികള്‍ പിന്തുണയ്ക്കുന്നില്ല. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്,’ അവര്‍ പറഞ്ഞു.

മയക്കുമരുന്ന് കടത്താരോപിച്ച് മഡൂറയെ മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും പങ്കാളിയേയും ബന്ദിയാക്കുകയായിരുന്നു.

ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് ഇരുവരെയും ബന്ദിയാക്കിയത്.

അമേരിക്ക ബന്ദിയാക്കിയ ശേഷം മഡൂറോ

കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വലെ അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

മഡൂറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകാരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരെയുള്ള ഗൂഢാലോചന തുടങ്ങിയവയാണ് മഡൂറയ്‌ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഇരുവരെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും .തുടര്‍ന്ന് അമേരിക്കന്‍ ലഹരി വുരുദ്ധ സേന മഡൂറോയെ ചോദ്യം ചെയ്യും.

എന്നാല്‍ അമേരിക്കയിലെ നടപടിക്കെതിര ബ്രസീലിയന്‍ പ്രസിഡന്റ് ലൂല ഡെ സില്‍വ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കരന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും വെനസ്വലെയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഉറുഗ്വേ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ റഷ്യ, ചൈന, ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങളും നടപടിയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Action against Maduro and his associates; The American people do not want this: Kamala Harris

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.