| Friday, 14th February 2025, 11:21 am

പൃഥ്വിയോടൊപ്പം ഉറുമിയില്‍ തുടങ്ങി, ഇപ്പോള്‍ ഖുറേഷി അബ്രാമിനൊപ്പവും; എമ്പുരാന്‍ ഇതിഹാസമെന്ന് അലക്‌സ് ഒ'നെല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ രീതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റിലീസിന് മുമ്പ് അഭിനേതാക്കളെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്താനായി 18 ദിവസങ്ങളിലായി ചിത്രത്തിലെ 36 അഭിനേതാക്കളുടെ ക്യാരക്ടര്‍ പോസ്റ്ററും വീഡിയോയും പുറത്തിറക്കുകയാണ് എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍.

ഇപ്പോള്‍ 26ാമത്തെ അഭിനേതാവിന്റെ ക്യാരക്ടര്‍ പോസ്റ്ററും വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. എമ്പുരാനില്‍ റോബര്‍ട്ട് മക്കാര്‍ത്തി എന്ന കഥാപാത്രമായി എത്തുന്ന അലക്സ് ഒ’നെല്‍ എന്ന നടന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്.

താന്‍ എമ്പുരാന്റെ ഭാഗമായതില്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നും അതില്‍ ഏറെ എക്‌സൈറ്റഡാണെന്നും അലക്‌സ് ഒ’നെല്‍ വീഡിയോയിലൂടെ പറഞ്ഞു. ഈ സിനിമ ഒരു എപ്പിക്ക് ആണെന്നും അത് കാണാതിരിക്കരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിലും അലക്സ് ഒ’നെല്‍ അഭിനയിച്ചിരുന്നു. ഇന്റര്‍പോള്‍ ഓഫീസറായിട്ടാണ് നടന്‍ എത്തിയത്.

ഏ വതന്‍ മേരെ വതന്‍, ഖുഫിയ, ഗൊലോണ്ടാജ്, റൂഹി, ആര്യ, മെയ്ന്‍ ഔര്‍ ചാള്‍സ്, ചീനി കം, മദ്രസപട്ടണം, ജോക്കര്‍, യെതി ഒഭിജാ, ചിറ്റഗോംഗ് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം.

പൃഥ്വിരാജ് സുകുമാരന്‍ നായകനായി 2012ല്‍ പുറത്തിറങ്ങിയ ഉറുമി ആയിരുന്നു അലക്സ് ഒ’നെലിന്റെ ആദ്യ മലയാള ചിത്രം. വാസ്‌കോ ഡ ഗാമയുടെ ചെറുപ്പമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി നായകനായി 2014ല്‍ എത്തിയ ഗ്യാങ്സ്റ്റര്‍, മംഗ്ലീഷ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എമ്പുരാന്‍:

2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായുമാണ് എത്തിയത്.

Content Highlight: Acter Alexx O’Nell, Prithviraj Sukumaran’s Urumi To Empuraan Movie

Latest Stories

We use cookies to give you the best possible experience. Learn more