മേഘാലയയിലെ അനധികൃത ഖനിയിലുണ്ടായ അപകടം; മൂന്ന് പേര്‍ കൂടി മരിച്ചു
India
മേഘാലയയിലെ അനധികൃത ഖനിയിലുണ്ടായ അപകടം; മൂന്ന് പേര്‍ കൂടി മരിച്ചു
രാഗേന്ദു. പി.ആര്‍
Tuesday, 10th February 2026, 8:37 am

ഷില്ലോങ്: മേഘാലയയിലെ അനധികൃത ഖനിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം മുപ്പതായി. നീഗ്രി എച്ച്.എം.സിയില്‍ ചികിത്സയിലായിരുന്ന രാജു തമാങ് (34) ആണ് തിങ്കളാഴ്ച വൈകുന്നേരം 6.21ഓടെ മരിച്ചത്.

ഗുരുതര പരിക്കുകളോടെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രണ്ട് തൊഴിലാളികളും ഇന്നലെ മരിച്ചു. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി കെ സാങ്മ പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് രാവിലെ താങ്സ്‌കോ മേഖലയിലെ ഒരു ഖനിയിലാണ് സ്ഫോടനം നടന്നത്. ഖനിക്കുളളില്‍ ഡൈനാമിറ്റ് സ്ഫോടനം നടത്തിയതാണ് അപകടത്തിന് കാരണമായത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ദുരന്തമേഖലയിലെ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

മരിച്ചവരില്‍ ഭൂരിഭാഗവും അസം, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഖനി ഉടമകളായ ഫോം ചിര്‍മാങ്, ഷമേഹി വാര്‍ എന്നിവരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഭാരതീയ ന്യായ സംഹിത, മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട്, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മേഘാലയ സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപയും അസം സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ലഭിക്കും.

എട്ട് പേരുടെ കുടുബാംഗങ്ങള്‍ക്ക് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ രേഖാമൂലം വിവരം നല്‍കുന്നത് അനുസരിച്ച് നടപടിക്രമങ്ങള്‍ തുടരുമെന്നാണ് ഉദ്യോഗസ്ഥരുടെ അറിയിപ്പ്.

അപകടത്തില്‍ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഈസ്റ്റ് ജയന്തിയ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട് എന്നിവരോട് കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

അതേസമയം 2014ലെ ഹരിത ട്രൈബ്യൂണലിന്റെ നിരോധനം നിലനില്‍ക്കെയും മേഘാലയയില്‍ ഇപ്പോഴും ഇത്തരം റാറ്റ് ഹോള്‍ ഖനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlight: Accident at illegal mine in Meghalaya; Three more death

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.