കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ റേപ്പ് ജോക്കിന് കയ്യടിച്ച് പ്രോത്സാഹനം നല്‍കുന്ന യുവാക്കളുടെ വീഡിയോക്കെതിരെ രൂക്ഷവിമര്‍ശനം.
വസ്ത്രധാരണം, ശരീരപ്രകൃതി തുടങ്ങിയ കാരണങ്ങളാലാണ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതെന്ന് തമാശരൂപേണ അവതരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
പെണ്‍കുട്ടിയുടെ അവതരണം ‘വിക്ടിം ബ്ലെയിമിങ്’ന് തുല്യമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ആക്രമിക്കപ്പെട്ട സ്ത്രീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് മാത്രം തിരഞ്ഞുപിടിക്കുന്ന സമൂഹത്തിന്റെ മുമ്പിലേക്കാണ് ഇത്തരത്തിലൊരു വീഡിയോ എത്തിയിരിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
റേപ്പ് ജോക്ക് എന്നത് വെറും തമാശ മാത്രമല്ലെന്നും സ്ത്രീകള്‍ക്ക് തന്നെ അത് മനസിലാക്കാന്‍ കഴിയുന്നില്ലെന്നുമാണ് നിരവധി ഇന്‍സ്റ്റഗ്രാം യൂസേഴ്‌സ് പ്രതികരിച്ചത്.
View this post on Instagram
‘ചളിയേറ്’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിമര്‍ശനവിധേയമായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ഈ വീഡിയോ ബലാത്സംഗത്തെ ഗ്ലോറിഫൈ ചെയ്യുന്നതല്ല’ എന്ന മുന്നറിയിപ്പോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഈ വീഡിയോ ബലാത്സംഗത്തെ ഗ്ലോറിഫൈ ചെയ്യുന്നില്ല. ഇത് പൂര്‍ണമായും വിനോദത്തിന് വേണ്ടിയുള്ളതാണ്. വീഡിയോയിലെ പദപ്രയോഗവും സംഭാഷണവും പഴയ സിനിമയിലെ കഥാപാത്രത്തെയും അഭിനയ നിലവാരത്തെയും വ്യക്തമാക്കുന്നതാണ്,’ എന്നാണ് മുന്നറിയിപ്പ്.
പക്ഷേ പ്രസ്തുത വീഡിയോ നിരവധി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ വ്യപകമായി പ്രചരിച്ചതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.
View this post on Instagram
മാത്രമല്ല നടി ഷീലയുടെ മുന്‍കാല കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോയിലെ പെണ്‍കുട്ടി, ഒരു സ്ത്രീ റേപ്പിനെ സ്വയമേവ സ്വാഗതം ചെയ്യുകയാണെന്ന വിധത്തിലാണ് സംസാരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
‘എന്നെ ഉപദ്രവിക്കരുത് മുതലാളി, എന്നെ ഉപദ്രവിക്കരുത് മുതലാളി’ എന്ന് പറയുന്നത് കാണുമ്പോള്‍ തന്നെ മുതലാളിക്ക് പീഡിപ്പിക്കാന്‍ തോന്നില്ലേ എന്നാണ് പെണ്‍കുട്ടി ചോദിക്കുന്നത്. മാറിടം ഉയര്‍ത്തിക്കൊണ്ട് ഒരു പെണ്ണ് തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞാല്‍ ‘ആരെങ്കിലും ഉപദ്രവിക്കാതെ വിടുമോ’ എന്നും പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ചെറിയ ഒരു പെണ്‍കുട്ടിയെയും കാണാവുന്നതാണ്. ഈ കുട്ടിയുടെ മുന്നില്‍ വെച്ചാണ് ഒരു സംഘം യുവാക്കള്‍ റേപ്പ് ജോക്കിനെ പ്രോത്സാഹിപ്പിക്കുന്നത്.
Content Highlight: ‘Rape joke encouraged by applause’; Criticism against viral video on social media