2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനായി എത്തിയത്. ആ വര്‍ഷത്തെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. മൈക്കിള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തില്‍ എത്തിയത്.
അദ്ദേഹത്തിന് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ മൈക്കിളിന്റെ വലംകൈയായ ശിവന്‍കുട്ടി എന്ന കഥാപാത്രമായി അഭിനയിച്ചത് നടന്‍ അബു സലിം ആയിരുന്നു.
ആ സിനിമയില്‍ ശിവന്‍കുട്ടിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നെന്നും നടന്‍ പറയുന്നു. തനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദിനോടാണെന്നും അബു സലിം പറഞ്ഞു.
‘ശിവന്‍കുട്ടിയുടേത് തകര്‍പ്പന്‍ റോളാണെന്ന് മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് എനിക്ക് ഇത് മനസിലാവുന്നത്. സാധാരണ സിനിമ ചെയ്ത് കഴിഞ്ഞാല്‍ ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകേണ്ടതാണ്.
പക്ഷെ ഇത് സ്‌പോട്ട് ഡബ്ബിങ്ങായിരുന്നു. അതുകൊണ്ട് എനിക്ക് മനസിലായില്ല. അങ്ങനെ ഫസ്റ്റ് ഡേ മുക്കത്ത് നിന്നാണ് ഞാന്‍ ഭീഷ്മ പര്‍വം സിനിമ കണ്ടത്. കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ തരിച്ചു പോയി.
ആ സിനിമയില്‍ ശിവന്‍കുട്ടിക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അമല്‍ നീരദ് സാറിനോടാണ്,’ അബു സലിം പറഞ്ഞു.
Content Highlight: Abu Salim Talks About Mammootty