| Tuesday, 18th March 2025, 1:52 pm

എനിക്കുണ്ടായ അനുഭവത്തില്‍ നിന്നാണ് ആ മോഹന്‍ലാല്‍ ചിത്രമുണ്ടായത്: അബു സലീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ വില്ലന്‍ മുഖമാണ് അബു സലീം. ഒട്ടനവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ച അദ്ദേഹത്തെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങള്‍ക്ക് പുറമേ ചില ഹാസ്യവേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.

1978 ല്‍ പുറത്തിറങ്ങിയ രാജന്‍ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഇദ്ദേഹം കേരള പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു.

സര്‍വീസിലുള്ള സമയത്ത് സിനിമയിലെ കഥകളെ വെല്ലുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് അബു സലീം.

താന്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ജോലി സംബന്ധമായി പാകിസ്ഥാനില്‍ പോയിരുന്നുവെന്നും, അവിടെ വെച്ച് തനിക്ക് പല തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സര്‍വീസില്‍ തനിക്ക് ഉണ്ടായ അനുഭവം താന്‍ മോഹന്‍ലാലിന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും അങ്ങനെയാണ് പരദേശി എന്ന സിനിമ മോഹന്‍ലാല്‍ നിര്‍മിച്ചതെന്നും അബു സലിം സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘താമരശ്ശേരിയില്‍ സര്‍വീസിലുളള സമയത്ത് ഒരു കേസിന്റെ ഭാഗമായി പാകിസ്ഥാന്‍ ബോഡറില്‍ ഒരാളെ ഡിപ്പോര്‍ട് ചെയ്യാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സംഭവം ഞാന്‍ ലാലേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ലാലേട്ടന്‍ പരദേശി എന്ന ചിത്രം നിര്‍മിച്ചത്. അന്ന് എനിക്കുണ്ടായ അനുഭവത്തില്‍ നിന്നാണ് ലാലേട്ടന്‍ ആ സിനിമ ചെയ്തത്. പൗരത്വത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ആ സംഭവം.

സര്‍വീസില്‍ ഉണ്ടായിരുന്നത് കൊണ്ട് തന്നെ കഥകളും സിറ്റ്വേഷന്‍സുമൊക്കെ എഴുത്തുകാര്‍ നമ്മളുടെ അടുത്ത് ചോദിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഇന്ന രീതിയില്‍ ചെയ്യാം എന്ന സജഷന്‍സൊക്കെ ഡിസ്‌ക്കസ് ചെയ്യാറുണ്ട്,’ അബു സലീം പറയുന്നു.

Content highlight:  Abu Salim says Mohanla’s Paradesi movie was inspired by his story

We use cookies to give you the best possible experience. Learn more