സംവിധാനം ചെയ്ത ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ സംവിധായകരുടെ ലിസ്റ്റിലേക്ക് ഇടം നേടിയ വ്യക്തിയാണ് മധു.സി.നാരായണന്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ അതിന് മുമ്പോ ശേഷമോ ലഭിക്കാത്ത സിനിമാ ആസ്വാദനത്തിനാണ് മലയാളി പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം സംവിധായകന്‍ സിനിമാ മേഖലയില്‍ നിന്നും പാടെ അപ്രത്യക്ഷമായിരുന്നു.
ഫഹദ് ഫാസില്‍,സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, മാത്യൂ തോമസ് തുടങ്ങിയവര്‍ അവിസ്മരണീയമാക്കിയ ചിത്രത്തിന് പല ഭാഷകളില്‍ നിന്നും മികച്ച നിരൂപക പ്രശംസ ലഭിച്ചെങ്കിലും പുതിയ ചിത്രത്തിന്റെ അപ്‌ഡേഷനൊന്നും നല്‍കാത്തതാണ് സിനിമാ ആസ്വാദകരെ അത്ഭുതപ്പെടുത്തുന്നത്. ചിത്രത്തില്‍ ഫ്രാങ്കി എന്ന കഥാപാത്രമായി വേഷമിട്ട മാത്യൂ തോമസ് കഴിഞ്ഞ ദിവസം മധുവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് കുമ്പളങ്ങി നൈറ്റ്‌സിനെയും മധു.സി.നാരായണനെയും വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്.
കരിയറിലെ ആദ്യ ചിത്രം ഹിറ്റായാല്‍ ഉടനടി തന്നെ സൂപ്പര്‍താരങ്ങളുമായി കരാറുറപ്പിച്ച് പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നവരാണ് ഭൂരിഭാഗം പേരും. ഇവരില്‍ നിന്നും മധു.സി.നാരായണന്‍ വ്യത്യസ്തനാകുന്നതെവിടെയാണെന്ന ചോദ്യത്തിന് ഉത്തരമാണ് ഫേസ്ബുക്കിലും മറ്റുമുള്ള സിനിമാ പേജുകളിലെ ചര്‍ച്ചയ്ക്ക് അടിസ്ഥാനം.
കണ്ടുപരിചയിച്ച ചിത്രങ്ങളില്‍ നിന്നും കഥാപശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായ കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നത് കഥാപരിസരവും കഥാപാത്രങ്ങളും പ്രേക്ഷകരുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ്. ആറ് വര്‍ഷത്തോളം സമയമെടുത്താണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥ മധു.സി.നാരായണന്‍ പൂര്‍ത്തിയാക്കിയത്. സ്‌ക്രിപ്റ്റിന് വേണ്ടി കുമ്പളങ്ങിയില്‍ താമസിച്ച് അവിടെയുളള രീതികളും മനുഷ്യരെയും നിരീക്ഷിച്ചായിരുന്നു മധു ചിത്രം ഒരുക്കിയത്.
വീണ്ടും വര്‍ഷങ്ങളുടെ ഇടവേളയെടുക്കുമ്പോള്‍ മറ്റൊരു മാജിക്കല്‍ സിനിമക്ക് വേണ്ടിയുള്ള ഒരുക്കത്തിലാവണേ സംവിധായകന്‍ എന്ന പ്രാര്‍ത്ഥനായിലാണ് സിനിമാലോകം. മധുവിന്റെ പുതിയ ചിത്രത്തെക്കുറിച്ചോ മറ്റ് പ്രൊജക്ടുകളോ കുറിച്ചോ ഔദ്യോഗികമായി യാതൊരു വിധ അപ്‌ഡേഷനുകളുമില്ലെങ്കിലും പുതിയ ചിത്രത്തിനായുള്ള റിസര്‍ച്ചിലും തിരക്കഥാ ചര്‍ച്ചകളിലുമാണ് അദ്ദേഹമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കുമ്പളങ്ങി പോലെ തന്നെ മനുഷ്യ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും മധു ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മധു.സി.നാരായണന്‍. Photo: TOI
യുവതാരം നസ്‌ലെനെ നായകനാക്കി മ്യൂസിക്കല്‍ ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രം മധു.സി.നാരായണന്‍ സംവിധാനം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിലേക്ക് ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള നടിയെ തേടുന്നു എന്ന് അറിയിച്ചുകൊണ്ട് മധു കഴിഞ്ഞ വര്‍ഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.
സുഷിന്‍ ശ്യാമിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന് പുറമെ മികച്ച ജനപ്രിയ ചിത്രം, ജ്യോതിഷ് ശങ്കറിന് മികച്ച കലാ സംവിധായകന്‍, ഫഹദ് ഫാസിലിന് മികച്ച സ്വഭാവ നടന്‍ തുടങ്ങിയ അവാര്‍ഡുകളും കുമ്പളങ്ങി നൈറ്റ്‌സിലൂടെ ലഭിച്ചിരുന്നു.
Content Highlight: absence of madhu c narayanan after kumbalangi nights being discussed on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.