ഒരു തമാശ പാളിപ്പോയാല്‍ ഒരു ദുരന്തമായി മാറും; സ്പായിലെ കോമഡി സീനുകളെ കുറിച്ച് എബ്രിഡ് ഷൈന്‍
Malayalam Cinema
ഒരു തമാശ പാളിപ്പോയാല്‍ ഒരു ദുരന്തമായി മാറും; സ്പായിലെ കോമഡി സീനുകളെ കുറിച്ച് എബ്രിഡ് ഷൈന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 10th June 2026, 7:46 pm

മലയാള സിനിമയില്‍ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത അഡള്‍ട്ട് കോമഡി ഴോണറിലൊരുങ്ങിയ ചിത്രമായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സ്പാ. മഹാവീര്യര്‍ എന്ന പരീക്ഷണ ചിത്രത്തിന് ശേഷം മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം വലിയ സ്വീകാര്യതയായിരുന്നു സ്പായ്ക്ക് ലഭിച്ചത്.

പുരുഷാധിപത്യ സമൂഹത്തിലെ കപടസദാചാരത്തെയും ഇരട്ടത്താപ്പിനെയും ഒരു സ്പായുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ പല രംഗങ്ങളും, കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഹാസ്യത്തിന്റെ അകമ്പടിയില്‍ ഒരുക്കിയ ചിത്രത്തില്‍ കോമഡി ഉപയോഗിച്ചതിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എബ്രിഡ് ഷൈന്‍. Photo: IMDB

‘ഒരു ചിത്രത്തില്‍ ഹ്യൂമര്‍ ചെയ്യുക എന്ന് പറയുന്നതാണ് ഏറ്റവും പ്രയാസമേറിയ കാര്യം. കാരണം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ അത് ചളിയായി മാറാന്‍ സാധ്യതയുണ്ട്. ഒരു തമാശ അതിന്റെ മീറ്ററില്‍ നിന്ന് താഴെ പോയാലോ പാളിപ്പോയാലോ അത് ദുരന്തമായി മാറിപ്പോകും. ഒരു ഇമോഷണല്‍ സീന്‍ ചെയ്തിട്ട് വര്‍ക്കാവത്തതിനെക്കാള്‍ അപകടമാണ് ഒരു തമാശ ചെയ്തിട്ട് വര്‍ക്കൗട്ടായിട്ടില്ലെങ്കില്‍. അതേസമയം വര്‍ക്കൗട്ടാകാതിരിക്കുകയും അത് അയ്യേ എന്ന് പറയുന്ന രീതിയിലേക്ക് പോകുന്നതുമാണ് ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം എന്ന് പറയുന്നത്.

ഒരു കോമഡി സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുള്ളത് സാഹചര്യങ്ങളെ കൃത്യമായി കാണിക്കാനും ആ സാഹചര്യങ്ങളിലേക്ക് പ്രേക്ഷകരെ കൂടുതല്‍ ഇന്‍വോള്‍വ് ചെയ്യിക്കാനുമാണ്. അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ പിന്നെ കഥാപാത്രങ്ങള്‍ പറയുന്ന കാര്യങ്ങളും തമാശകളും സ്വാഭാവികമായ ചിരിക്ക് കാരണമാകും. ഓര്‍ഗാനിക്കായി ഫോഴ്‌സ്ഫുള്ളി ശ്രമിക്കാതെ ചിരി വരുത്താനുള്ള വഴികള്‍ അതൊക്കെയാണ്,’ എബ്രിഡ് ഷൈന്‍ പറഞ്ഞു.

സ്പാ. Photo: District

മനോരമ മാക്‌സ് വഴി ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച ചിത്രത്തില്‍ രാധിക കൃഷ്ണന്‍, പൂജിത മേനോന്‍, ശ്രീലക്ഷ്മി ഭട്ട്, ശ്രീജ ദാസ്, മേജര്‍ രവി, സിദ്ധാര്‍ത്ഥ് ഭരതന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, വിനീത് തട്ടില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Abrid Shine talks about using comedy in a Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.