| Sunday, 23rd February 2025, 10:40 am

സ്പൂഫ് കോമഡി സിനിമയായി പ്ലാൻ ചെയ്ത നിവിൻ ചിത്രം, മാറ്റി എഴുതിയപ്പോൾ സൂപ്പർഹിറ്റായി: എബ്രിഡ് ഷൈൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. എസ്.ഐ ബിജു പൗലോസ് എന്ന പൊലീസുകാരനായിട്ടാണ് നിവിന്‍ ഈ ചിത്രത്തില്‍ എത്തിയത്.

നിര്‍മാതാവെന്ന നിലയില്‍ നിവിന്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. നിവിൻ പോളിക്ക് പുറമെ അനു ഇമാനുവല്‍, സൈജു കുറുപ്പ്, മേജര്‍ രവി, ജോജു ജോര്‍ജ് തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ആക്ഷന്‍ ഹീറോ ബിജുവില്‍ ഒന്നിച്ചത്. റിയലിസ്റ്റിക്കായാണ് ആക്ഷൻ ഹീറോ ബിജുവിൽ പൊലീസുകാരെ വരച്ചുകാട്ടിയത്.

എന്നാൽ ഒരു സ്പൂഫ് കോമഡി സിനിമ എന്ന രീതിയിലാണ് ആക്ഷൻ ഹീറോ ബിജു താൻ ആലോചിച്ചതെന്നും അത് എഴുതി പകുതി വരെ എത്തിയിരുന്നുവെന്നും എബ്രിഡ് ഷൈൻ പറയുന്നു. എന്നാൽ പറയുന്ന വിഷയത്തെ കുറിച്ച് വലിയ ധാരണയില്ലെന്ന് പിന്നീട് മനസിലായെന്നും അതോടെ എഴുത്ത് നിർത്തി അറിവുകൾ ശേഖരിക്കാനിറങ്ങിയെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ മനസിലായപ്പോൾ നിലവിലുള്ള താരത്തിലൊരു പൊലീസ് സിനിമ ചെയ്യാൻ തനിക്ക് തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘ഞാൻ ഒരു സ്‌പൂഫ് കോമഡി സിനിമ എന്ന രീതിയിലായിരുന്നു ആക്ഷൻ ഹീറോ ബിജു ആലോചിച്ചത്. മിണ്ടിയാൽ ഇടി. പിന്നെ തമാശ എന്നതായിരുന്നു പദ്ധതി. പൊലീസുമായി ബന്ധമില്ലാത്തതിനാൽ ഭാവനയിലുള്ള ഒരു സിനിമയായിരുന്നു ചെയ്യാൻ തീരുമാനിച്ചത്. അത് എഴുതി പകുതി വരെ വന്നപ്പോൾ എനിക്ക് ഒരു ബ്ലോക്ക് അനുഭവപ്പെട്ടു.

മുഹമ്മദ് ഷെഫിക്കും എനിക്കൊപ്പം എഴുതാനുണ്ടായിരുന്നു. പറയുന്ന വിഷയത്തെക്കുറിച്ച് ഞങ്ങൾക്ക് രണ്ടുപേർക്കും വലിയ അറിവില്ലെന്ന് ബോധ്യപ്പെട്ടു. രണ്ടുപേരും തെറ്റായ സിനിമയാണ് ചെയ്യുന്നതെന്ന് മാനസിലായി. 1983 സിനിമ ചെയ്യുമ്പോൾ ഏത് ചോദ്യത്തിനും മറുപടി പറയാൻ ഞാൻ റെഡിയായിരുന്നു.

രണ്ടാമത് ചെയ്യാൻ പോകുന്ന സിനിമയെന്താണെന്ന് അറിയില്ല എന്ന തോന്നൽ വരാൻതുടങ്ങി. അറിയാത്ത വിഷയത്തിൽ സിനിമ ചെയ്‌താൽ കുഴപ്പം സംഭവിക്കും. അതോടെ എഴുത്ത് നിർത്തി അറിവുകൾ ശേഖരിക്കാനിറങ്ങി. പൊലീസ് സ്റ്റേഷനുകളും പൊലീസുകാരെയുമെല്ലാം കണ്ട് സംസാരിച്ച് ഒരുവർഷത്തോളം നടന്നു. സാധാരണ പൊതുജനങ്ങളും സ്റ്റേഷൻ ഓഫീസർമാരും തമ്മിലുള്ള ആശയവിനിമയം വളരെ രസകരമാണ്.

ഒരു സ്റ്റേഷനിൽ വർഷം 1500-ഓളം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കുറേ കേസുകൾ അവർ സെറ്റിലാക്കി വിടുന്നുണ്ട്. ജനമൈത്രി കാര്യങ്ങൾ, ക്ലർക്കിന്റെ ജോലി. അങ്ങനെ സമയമില്ലാത്ത ആളുകളാണ് അവർ. നിയതമായ കാര്യങ്ങൾ മാത്രമല്ല സ്റ്റേഷനുകളിലുള്ളത്. അതെല്ലാം മനസ്സിലാക്കിയപ്പോൾ നിലവിലുള്ള രീതിയിൽ ഒരു പൊലീസ് സ്റ്റോറി ചെയ്യാൻ എനിക്കു പറ്റിയില്ല,’എബ്രിഡ് ഷൈൻ പറയുന്നു.

Content Highlight: Abrid Shine About Action Hero Biju Movie

We use cookies to give you the best possible experience. Learn more