മലയാളി സിനിമാപ്രേക്ഷകരുടെ ഓർമയെ ചലഞ്ച് ചെയ്യാൻ അത്ര എളുപ്പമല്ല . വർഷങ്ങൾ കഴിഞ്ഞാലും ചില രംഗങ്ങൾ, ചില ഡയലോഗുകൾ പോലും മറക്കാതെ സൂക്ഷിക്കുന്ന ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് നമ്മുടെ പ്രേക്ഷകർക്ക്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന എക്കോ സിനിമയെ ചുറ്റിപ്പറ്റിയുള്ള ട്രോളുകൾ.
എക്കോ, photo: YouTube/ Screen grab
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് മികച്ച വിജയം നേടിയ എക്കോയിൽ മോഹൻ പോത്തൻ എന്ന കഥാപാത്രമായി വിനീത് നടത്തിയ പ്രകടനം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ശക്തമായ കഥാപാത്രവും വിനീതിന്റെ തകർപ്പൻ അഭിനയവും ചേർന്നപ്പോൾ വിനീതിന്റെ കരിയറിലെ ഒരു ബെഞ്ച് മാർക്കയാണ് ആ സിനിമ മാറിയത് . ചിത്രത്തിൽ മോഹൻ പോത്തൻ ഒരു കൊക്കയിൽ വീണ് മരണപ്പെടുകയായിരുന്നു.
എന്നാലിന്ന് സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികൾ നേരെ തിരിഞ്ഞുനോക്കുന്നത് 1999-ലേക്കാണ്. ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ല് സിനിമയിലേക്ക്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആ ചിത്രത്തിൽ, വിനീത് പ്രതിനായകനായി എത്തി കുഞ്ചാക്കോ ബോബനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലുന്ന രംഗം ഇന്നും പലർക്കും മറക്കാനാകാത്തതാണ്. അന്ന് കൊക്കയിലേക്ക് തള്ളിയത് വിനീത് ആയിരുന്നെങ്കിൽ, 26 വർഷങ്ങൾക്ക് ശേഷം എക്കോ സിനിമയിൽ കൊക്കയിൽ വീഴുന്ന വിനീതിനെയായിരുന്നു ട്രോളന്മാർ ട്രോളിയത്.
മഴവില്ലിൽ തീർക്കാൻ കഴിയാത്തത് എക്കോയിലൂടെ തീർത്തു എന്ന ക്യാപ്ഷനോടെയാണ് ട്രോളുകൾ സോഷ്യൽ മീഡിയയിൽ പടർന്നത്.
ഇതോടൊപ്പം ഏറ്റവും പൊട്ടിചിരിപ്പിച്ചത് ‘കഥ പറയുമ്പോൾ’ സിനിമയിലെ അഭിമാനത്തോടെ നിൽക്കുന്ന സലിം കുമാറിന്റെ ഇമേജും കൂടി ചേർന്നപ്പോളായിരുന്നു.’എക്കോയിൽ കൊക്കയിൽ വീഴുന്ന വിനീതിനെ കാണുന്ന കുഞ്ചാക്കോ എന്ന ക്യാപ്ഷനോടെ എത്തിയ ട്രോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.
ഇതിലും രസകരമായത് വ്യത്യസ്ത കമന്റുകളാണ്. ,പക വീട്ടാനുള്ളതാണ്, സമയം എടുക്കും എന്നേ ഉള്ളൂ, 26 വർഷം എടുത്താലും കുഞ്ചാക്കോ ബോബന്റെ പക പക തന്നെയാണ്, കർമ്മ ഇസ് റിയൽ, അന്ന് കൊക്ക, ഇന്ന് എക്കോ, പട്ടികളെ കൊണ്ട് പക വീട്ടിയ ലെവൽ എന്നിങ്ങനെ ചിരിപ്പിക്കുന്ന കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ചിലർ തമാശയായി ‘കൊക്കയിലേക് തള്ളിയ പട്ടികൾക്ക് രണ്ട് ബിസ്കറ്റ് വാങ്ങി കൊടുക്കണം’ എന്നും കുറിച്ചു.
എന്തായാലും, ഒരു സിനിമാ രംഗം മറ്റൊരു സിനിമയുമായി ബന്ധപ്പെടുത്തി ഇത്ര രസകരമായി ആഘോഷിക്കാൻ മലയാളി പ്രേക്ഷകർക്ക് മാത്രമേ കഴിയൂ. എക്കോയിലെ വിനീതിന്റെ വീഴ്ച ഇപ്പോൾ വെറും ഒരു സിനിമാ രംഗമല്ല മറിച്ച് 26 വർഷം പഴക്കമുള്ള ഒരു ‘സിനിമാറ്റിക് പക’വീട്ടിയ അനുഭവമായി മാറിയിരിക്കുകയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.