'നിങ്ങള്‍ ശരിക്കും ആരാ ചേട്ടാ'; ഒറ്റ ജീവിതമല്ലേയുള്ളൂ അനിയാ.... ശ്രദ്ധ നേടി 'വാഴ'യിലെ ഓള്‍റൗണ്ടര്‍ ചേട്ടന്‍
Malayalam Cinema
'നിങ്ങള്‍ ശരിക്കും ആരാ ചേട്ടാ'; ഒറ്റ ജീവിതമല്ലേയുള്ളൂ അനിയാ.... ശ്രദ്ധ നേടി 'വാഴ'യിലെ ഓള്‍റൗണ്ടര്‍ ചേട്ടന്‍
ഐറിന്‍ മരിയ ആന്റണി
Monday, 6th April 2026, 2:16 pm

 

റീല്‍സിലെ ഒരു കൂട്ടം പിള്ളേര് ബോക്‌സ് ഓഫീസ് തൂക്കുന്ന കാഴ്ചയാണ് വാഴ 2വിന്റെ റിലീസിന് ശേഷം പ്രേക്ഷകര്‍ കാണുന്നത്. നവാഗതനായ സവിന്‍ സായുടെ സംവിധാനത്തില്‍ വാഴ- ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സിന്റെ തുടര്‍ച്ചയായെത്തിയ ഈ ചിത്രം തിയേറ്ററില്‍ വിജയകുതിപ്പ് തുടരുകയാണ്.

ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സവിന്‍ സാ ഒരുക്കിയ ചിത്രം തമാശയും ഇമോഷനും ഒരുപോലെ കോര്‍ത്തിണക്കിയ ഫീല്‍ഗുഡ് കോമഡി ചിത്രമാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്ന ടാഗ് ലൈനോടെ എത്തിയ വാഴ 2 ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു.

തമാശ നിറഞ്ഞ റീലുകളിലൂടെ മാത്രം മലയാളികള്‍ക്ക് സുപരിചിതമായ ഹാഷിറിന്റെയും ടീമിന്റെയും സിനിമയിലെ പെര്‍ഫോമന്‍സിന് വലിയ കയ്യടികളുയരുകയാണ്. ചിത്രത്തില്‍ വന്ന് പോകുന്ന ഒരോ അഭിനേതാക്കളും അവരുടെ പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. അത്തരത്തില്‍ സിനിമയുടെ രണ്ടാം പകുതിയില്‍ രംഗം പ്രവേശനം ചെയ്യുന്ന ഒരു കഥാപാത്രമാണ് റിപ്പയര്‍മാനായെത്തിയ ശ്രീനാഥ് പി എസ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ശ്രീനാഥ് പി .എസിനെ സ്‌ക്രീനില്‍ മുമ്പില്‍ കാണുന്നത് ആദ്യമായിരുന്നു. വളരെ കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അദ്ദേഹം തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നു. ജോലിക്കായി യു.കെയിലേക്ക് പോകുന്ന അലന്റെ രക്ഷകനായി ഇലക്ട്രിഷനായും പ്ലമ്പറായും ഡോക്ടറായും എത്തുന്ന ഈ കഥാപാത്രത്തെ സിനിമ കണ്ട ആരും മറക്കില്ല. സ്‌ക്രീനിന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് മുതല്‍ അദ്ദേഹം ചിരിയും പ്രതീക്ഷയും ഉണര്‍ത്തുന്നുണ്ട്.

എന്ത് ആവശ്യമുണ്ടെങ്കിലും പല സ്ഥലങ്ങളിലായി വേഷം മാറി വരുന്ന അദ്ദേഹത്തെ അലന്‍ ഒരോ തവണ കാണുമ്പോഴും കൗതുകത്തോടെ നോക്കുന്നുണ്ട്. താന്‍ എവിടെ പോയാലും അവിടെയൊക്കെ ചേട്ടനുണ്ടല്ലോ, എന്ന് അലന്‍ പറയുമ്പോഴും ജീവിക്കണ്ടേ അനിയാ, ഒറ്റ ജീവിതമല്ലേയുള്ളുവെന്ന് കഥാപാത്രം പറയുന്നു.
പ്ലമ്പറായും ഇലക്ട്രീഷനായും അലന്റെ മുമ്പില്‍ എത്തിയ അദ്ദേഹം ഒടുവില്‍ സുഹൃത്തിന് കൊടുക്കാനുള്ള മരുന്നുമായും സൈക്കിളില്‍ എത്തുന്നുണ്ട്.

‘നിങ്ങള്‍ ശരിക്കും ആരാ ചേട്ടാ ദൈവമാണോ’ എന്ന് അലന്‍ ചോദിക്കുമ്പോള്‍ തിയേറ്ററില്‍ ചിരി പടരുന്നുണ്ട്. ട്രോളര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനായ ജോണി സിന്‍സിന്റെ റെഫറന്‍സ് പോലെയാണ് വാഴയില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ റഫറന്‍സുകള്‍ക്കപ്പുറം പ്രതീക്ഷയുടെ ഒരു പ്രതീകമായാണ് സിനിമയില്‍ ആ കഥാപാത്രം വന്നു പോകുന്നത്. ജീവിതത്തില്‍ പലപ്പോഴും ഒറ്റക്കായി പോകുമ്പോഴും ഒരു കൈ താങ്ങായി പ്രതീക്ഷിക്കാതെ കടന്നുവരുന്ന ചിലരുണ്ട്.

നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോള്‍ എപ്പോഴെങ്കിലും ഇങ്ങനെയുള്ള മനുഷ്യരെ കണ്ടുമുട്ടിയിട്ടുണ്ടാകും. നിരാശയിലായി ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ദൈവത്തെ പോലെ കടന്ന് വരുന്നവര്‍. കുറച്ച് സീനുകളില്‍ മാത്രം വന്ന് പോകുന്ന ശ്രീനാഥ് പി.എസിനെ നമ്മള്‍ ഓര്‍ക്കാന്‍ കാരണവും അത് തന്നെയാണ്.

Content Highlight: About the character played by Srinath PS in the movie Vazhaa 2

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.