ഡ്യൂഡ് ആ കഴുതയെ സ്നേഹിച്ചപോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ല, അതിന് വേണ്ടി എന്ത് ചെയ്യാനും മടിക്കില്ല
Malayalam Cinema
ഡ്യൂഡ് ആ കഴുതയെ സ്നേഹിച്ചപോലെ മറ്റാരെയും സ്നേഹിച്ചിട്ടില്ല, അതിന് വേണ്ടി എന്ത് ചെയ്യാനും മടിക്കില്ല
നന്ദന എം.സി
Tuesday, 31st March 2026, 3:08 pm

മലയാള സിനിമ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി മുന്നേറുന്ന ആട് 3 റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ 100 കോടി ക്ലബിൽ കയറി ഇപ്പോഴും തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.

വെറും മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 20 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം, ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ 48 കോടി ആഗോള കളക്ഷൻ നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

ആട് സീരീസിലെ ഓരോ കഥാപാത്രങ്ങൾക്കും സ്വന്തമായ ആരാധക വലയമുണ്ടെങ്കിലും, ഈ തവണ പ്രേക്ഷക ശ്രദ്ധയിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്നത് ഡ്യൂഡ് ആണ്

ഡ്യൂഡ്, Photo: YouTube/ Screengrab

വിനായകൻ അവതരിപ്പിച്ച ഡ്യൂഡ് എന്ന കഥാപാത്രം ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ ഡയലോഗ് ഡെലിവറിയും സ്വാഭാവികമായ എക്സ്പ്രഷൻ കൊണ്ട് വിനായകൻ വീണ്ടും തന്റെ അഭിനയ മികവ് തെളിയിക്കുന്നു. തിയേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷവും വിനായകന്റെ ഡയലോഗുകളും പ്രകടനവും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നവയാണ്.

അതിൽ എടുത്ത് പറയേണ്ട ഒന്നാണ്, ഡ്യൂഡിന്റെയും അവന്റെ കഴുതയുടെയും ആത്മബന്ധം കാണിച്ച രംഗങ്ങൾ തമാശ നിറഞ്ഞ രംഗങ്ങളായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ആ ബന്ധത്തിനുള്ളിലെ ആത്മാർത്ഥതയും സ്നേഹവും പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു.

ഒരേ വിധത്തിലുള്ള അവഗണനയും പീഡനവും അനുഭവിക്കുന്ന ഒരു മനുഷ്യനും മൃഗവും തമ്മിലുള്ള ആ അടുപ്പമാണ് ഈ ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നത്.

ഡ്യൂഡ്, Photo: YouTube/ Screengrab

തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം ഡ്യൂഡ് നൽകുന്നത് തന്റെ കഴുതയെ രക്ഷിക്കാനാണ്. എന്ത് വന്നാലും നിന്നെ രക്ഷിക്കുമെന്ന് കഴുതയ്ക്ക് നൽകുന്ന വാഗ്ദാനവും, അതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറാകുന്ന അവന്റെ തീരുമാനവും കഥാപാത്രത്തിന്റെ ആഴം വ്യക്തമാക്കുന്നു.

മുതലാളി ഒരുക്കിയ അപകടകരമായ സാഹചര്യങ്ങൾ പോലും അവഗണിച്ച്, കഴുതയെ രക്ഷിക്കണമെന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഡ്യൂഡ് മുന്നോട്ട് പോകുന്നത്.

ഡ്യൂഡും കഴുതയും ഒരുമിച്ച് കിടക്കുന്ന രംഗങ്ങളും ഒരുമിച്ച് പണിയെടുക്കുന്ന നിമിഷങ്ങളും തിയേറ്ററുകളിൽ ചിരി നിറയ്ക്കുമ്പോഴും, അതിന്റെ ഉള്ളിൽ ഒരു വേദനയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ബന്ധം പ്രേക്ഷകർക്ക് കൂടുതൽ മനസിൽ തട്ടുന്നതായി മാറുന്നു.

ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് അടുത്ത ഭാഗത്തിനായാണ്. ഡ്യൂഡ് തന്റെ സ്നേഹത്തിന്റെ പ്രതീകമായ ആ കഴുതയെ രക്ഷിക്കുമോയെന്ന ചോദ്യം തന്നെയാണ് എല്ലാവരുടെയും മനസിൽ നിറഞ്ഞുനിൽക്കുന്നത്.

Content Highlight: About the character of Vinayakan in the movie Aadu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.