‘മെൻ ആർ സിമ്പിൾ’ എന്ന് തെളിയിച്ച സീൻ; വൈറലായി മോഹിനിയാട്ടത്തിലെ 'ബേബി'
Malayalam Cinema
‘മെൻ ആർ സിമ്പിൾ’ എന്ന് തെളിയിച്ച സീൻ; വൈറലായി മോഹിനിയാട്ടത്തിലെ 'ബേബി'
നന്ദന എം.സി
Friday, 15th May 2026, 1:14 pm

മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് ആദ്യ ഭാഗം പരാജയപ്പെട്ടിട്ടും അതിന്റെ രണ്ടാം ഭാഗം വലിയ വിജയമായി മാറുന്നത്.

എന്നാൽ ആ പതിവ് തിരുത്തിക്കുറിച്ച ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’. ‘ഭരതനാട്യം’ എന്ന ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടാതെ പോയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ആരാധകരെ സ്വന്തമാക്കിയിരുന്നു.

അതേ ആത്മവിശ്വാസത്തിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ തിയേറ്ററുകളിലും പിന്നീട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ഒരുപോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രത്തിന്റെ കഥയും ഹാസ്യ മുഹൂർത്തങ്ങളും മാത്രമല്ല, ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരുന്നു.

മോഹിനിയാട്ടം, Photo: IMDb

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിഷ്താർ സേട്ട് അവതരിപ്പിച്ച ‘ബേബി’ എന്ന കഥാപാത്രത്തിന്റെ ഒരു രംഗമാണ്. വളരെ ചെറിയ ഒരു നിമിഷം മാത്രമായിരുന്നുവെങ്കിലും അതിലെ നിഷ്കളങ്കതയും ഹാസ്യവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിൽ ആളുകളെ പറ്റിക്കാൻ വേണ്ടി ആരംഭിച്ച അമ്പലവും അതിന്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ബേബിയും കൂട്ടരും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അകപ്പെടുകയും, സുരാജ് അവതരിപ്പിച്ച ഗോവിന്ദരാജ പണം എടുത്ത് മുങ്ങിയതാണെന്ന് സംശയിക്കുകയും ചെയ്യുന്നു. തുടർന്ന് ഗോവിന്ദരാജയുടെ വീട്ടിലും പിന്നീട് ജൂനിയർ സുഭാഷിന്റെ വീട്ടിലും ഒളിപ്പിച്ച പണം തേടി ബേബി എത്തുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

മോഹിനിയാട്ടം, Photo: Instagram.com

വീട്ടിലെ എല്ലായിടത്തും പണം തിരയുന്നതിനിടെ കട്ടിലിന്റെ അടിയിൽ നിന്നും കുട്ടികളുടെ ഒരു കളിപ്പാട്ടം ബേബിക്ക് കിട്ടുന്നു. പണം തേടിയെത്തിയ ആളായിട്ടും അടുത്ത നിമിഷം തന്നെ ആ കളിപ്പാട്ടവുമായി കുട്ടിയെ പോലെ കളിക്കാൻ തുടങ്ങുന്ന ബേബിയെയാണ് പ്രേക്ഷകർ കാണുന്നത്. ആ നിമിഷത്തിലെ കഥാപാത്രത്തിന്റെ പിഞ്ചു മനസും നിഷ്കളങ്കതയും തന്നെയാണ് രംഗത്തെ കൂടുതൽ രസകരമാക്കുന്നത്.

തിയേറ്ററുകളിൽ വലിയ ചിരി പടർത്തിയ ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്. ‘മെൻ ആർ സിമ്പിൾ എന്ന ട്രെൻഡിനൊപ്പം നിരവധി പേരാണ് ഈ രംഗം പങ്കുവെക്കുന്നത്. വലിയ പ്രശ്നത്തിനിടയിലും കളിപ്പാട്ടം കണ്ടാൽ കുട്ടിയാകുന്ന മനുഷ്യൻ, പിഞ്ചു മനസിന്റെ ഉടമ, ഇതാണ് യഥാർത്ഥ കോമഡി ടൈമിങ് എന്നിങ്ങനെ നിരവധി കമന്റുകളാണ് രംഗത്തിന് ലഭിക്കുന്നത്.

ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ കലാരഞ്ജിനി, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, ശ്രീജ രവി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Content Highlight: About the character Baby in the movie Mohiniyattam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.