ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെച്ച സിനിമയാണ്. മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചിത്രം, ഒറ്റ കാഴ്ചയിൽ തീരുന്ന ഒന്നായിരുന്നില്ല. ഓരോ പ്രേക്ഷകനും സിനിമയുടെ അവസാനത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഇടം നൽകുന്ന ഒരു ഓപ്പൺ എൻഡിങ് ചിത്രമായാണ് എക്കോ ഒരുക്കിയിരുന്നത്. അതിനാൽ തന്നെ സിനിമയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും വിശകലനങ്ങളും ഉയർന്നു വന്നിരുന്നു.
എക്കോ , Photo: Netflix/ Screen grab
ഒ.ടി.ടി റിലീസിന് ശേഷം എക്കോ വീണ്ടും ശക്തമായ ചർച്ചകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രധാന കഥാപാത്രങ്ങളെയും പ്ലോട്ടിനെയും കുറിച്ച് വ്യാപകമായി സംസാരിക്കപ്പെടുമ്പോൾ, അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നിർണായക സ്വാധീനം ചെലുത്തുന്ന അശോകൻ അവതരിപ്പിച്ച അപ്പൂട്ടി എന്ന കഥാപാത്രത്തെ കുറിച്ചാണ് പ്രേക്ഷകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
കഥയിൽ ലോകോത്തര ഡോഗ് ട്രെയിനറായ കുര്യച്ചൻ, നായ്ക്കളെ മാത്രമല്ല മനുഷ്യരെയും ലക്ഷണമൊത്ത നായ്ക്കളെപ്പോലെ പരിശീലിപ്പിക്കുന്നവനാണെന്ന് സിനിമ പ്രക്ഷകന് സൂചന നൽകുന്നുണ്ട്. ഒരേയൊരു മാസ്റ്ററെ മാത്രം അനുസരിക്കുന്ന, അപകടകാരിയായ പീയുസിനെ കഥാന്ത്യത്തിൽ തുറന്ന് കാട്ടുമ്പോൾ, അതിന് സമാന്തരമായി മറ്റൊരു സ്വഭാവമുള്ള കഥാപാത്രം തുടക്കം മുതലേ ചിത്രത്തിൽ സജീവമാണ്.
വർഷങ്ങൾക്കുമുമ്പ് അപ്രത്യക്ഷനായ യജമാനൻ പഠിപ്പിച്ച ശീലങ്ങളും ചട്ടങ്ങളും ഇന്നും കൃത്യമായി പാലിച്ചു പോകുന്ന, വിശ്വസ്തതയും അനുസരണയും നിറഞ്ഞ ഒരു ‘കാവൽ നായയുടെ’ സ്വഭാവം അതാണ് അപ്പൂട്ടി. അപകടകാരിയല്ലാത്ത, എന്നാൽ അതീവ വിശ്വസ്തനായ മറ്റൊരു ബ്രീഡ്.
സ്വന്തം കുടുംബജീവിതവും മനുഷ്യബന്ധങ്ങളും സൂക്ഷിച്ചുകൊണ്ട് ഒരു സാധാരണ ജീവിതം നയിക്കുന്ന അപ്പൂട്ടി, തന്റെ മാസ്റ്റർ രക്തക്കറ പുരണ്ട വസ്ത്രങ്ങളുമായി കടന്നു വരുമ്പോൾ ഒരു ചോദ്യം പോലും ചോദിക്കാതെ കൂടെനിൽക്കുന്നു. കുര്യച്ചന്റെ വഴികൾ അപകടകരമാണെന്നും, ഒരിക്കൽ അത് തന്റെ കുടുംബത്തെയും ബാധിക്കുമെന്ന ബോധ്യം ഉണ്ടായിട്ടും, വിശ്വസ്തനായ ഒരു കാവൽനായയെ പോലെ അപ്പൂട്ടി അതിൽ നിന്നും ഒരു പടി പിന്നോട്ട് പോകുന്നില്ല.
കുര്യച്ചന്റെ സാഹസിക ജീവിതം ആളുകൾ ആഘോഷിക്കുന്ന സമയത്ത്, ആരും ശ്രദ്ധിക്കാത്ത അദ്ദേഹത്തിന്റെ കിരീടത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന മാണിക്യമായിരുന്നു അപ്പൂട്ടി. അപ്പൂട്ടിയുടെ സേവനങ്ങളിലൂടെ തന്നെയാണ് കുര്യച്ചന് ദീർഘകാലം ഒളിവ് ജീവിതം വിജയകരമായി തുടരാൻ കഴിഞ്ഞതെന്ന സത്യവും എക്കോ ചൂണ്ടികാട്ടുന്നു.
ഓപ്പൺ എൻഡിങ്ങിനപ്പുറം, മനുഷ്യനും വിശ്വാസതയും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പറഞ്ഞുപോകുന്ന കഥാപാത്രമാണ് അപ്പൂട്ടി. ആർക്കും പിടികിട്ടാത്ത, സ്വയം ഒരു വളർത്തു നായയായി മാറുന്ന അപ്പൂട്ടി പീയുസിനെ പോലെ തന്റെ മാസ്റ്ററോട് കൂറുള്ളവനാണ്.
Content Highlight: About the character Appooty in the movie Eko
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.