വെട്ടി കേറ്റി ഒഴിയെടാ ഒരു 90 ......അവൻ കുറച്ച് ലഹരി നുണയട്ടെ ന്നേ...; വന്ന സീനുകളിലെല്ലാം ചിരിപ്പിച്ച് ഡിസ്‌ക്കോ രവീന്ദ്രൻ
Malayalam Cinema
വെട്ടി കേറ്റി ഒഴിയെടാ ഒരു 90 ......അവൻ കുറച്ച് ലഹരി നുണയട്ടെ ന്നേ...; വന്ന സീനുകളിലെല്ലാം ചിരിപ്പിച്ച് ഡിസ്‌ക്കോ രവീന്ദ്രൻ
നന്ദന എം.സി
Monday, 6th April 2026, 8:48 pm

തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് സവിൻ സ സംവിധാനം ചെയ്ത ‘വാഴ 2’. 2024ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ ‘വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇത്, ആദ്യഭാഗത്തിന്റെ വിജയത്തെ തുടർന്ന് വലിയ പ്രതീക്ഷകളോടെയാണ് തിയറ്ററുകളിൽ എത്തിയത്. ‘ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ എന്ന ടാഗ് ലൈനിലൂടെ ഇത്തവണ സൗഹൃദത്തിനപ്പുറം സഹോദര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

വാഴ 2, Photo: IMDb

ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം റിലീസിന് മുമ്പേ തന്നെ വലിയ ഹൈപ്പ് നേടിയിരുന്നു.

യൂത്തിന്റെ ഭാഷയും ജീവിതശൈലിയും അതേപടി പകർത്തിയ അവതരണ ശൈലിയാണ് ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കിയത്. ഹാസ്യവും ഇമോഷൻസും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ശക്തി.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും, പ്രേക്ഷക ശ്രദ്ധ പ്രത്യേകിച്ച് പിടിച്ചുപറ്റിയത് ‘ഡിസ്കോ രവീന്ദ്രൻ’ എന്നറിയപ്പെടുന്ന രവീന്ദ്രൻ അവതരിപ്പിച്ച കഥാപാത്രമാണ്.

രവീന്ദ്രൻ, Photo: Raveendran/ Facebook

ഒരു പ്രവാസിയുടെ ജീവിതത്തിൽ നാം പതിവായി കാണുന്ന, എല്ലാവർക്കും ആശ്രയമായ ഒരു വ്യക്തിയെ അദ്ദേഹം സ്വാഭാവികമായി അവതരിപ്പിച്ചു. കൂട്ടായ്മയും കരുതലും നിറഞ്ഞ ഈ കഥാപാത്രം തിയറ്ററുകളിൽ വലിയ കയ്യടിയാണ് നേടിയത്.

‘വെട്ടി കേറ്റി ഒഴിയാടാ… ഒരു 90 അവൻ കുറച്ച് ലഹരി നുണയട്ടെ…’ എന്ന രവിയുടെ ഡയലോഗ് തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയായിരുന്നു. ലളിതമായ സംഭാഷണങ്ങളിലൂടെ പോലും വലിയ ഇംപാക്റ്റ് സൃഷ്ടിക്കാൻ കഴിയുന്ന പ്രകടനമാണ് രവീന്ദ്രൻ കാഴ്ചവെച്ചത്.

മമ്മൂട്ടി, രവീന്ദ്രൻ, രതീഷ് , Photo: Raveendran/ Facebook

പ്രവാസി മലയാളികൾക്ക് ഒരു താങ്ങായി നിലകൊള്ളുന്ന ഒരു മനുഷ്യനെ അദ്ദേഹം അതിസുന്ദരമായി അവതരിപ്പിച്ചു. നൃത്തചുവടുകളിലൂടെ മലയാള സിനിമയിൽ ഒരിക്കൽ തരംഗമായിരുന്ന രവീന്ദ്രൻ, തമിഴ് സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിച്ച താരമാണ്.

രജനീകാന്ത്, കമലഹാസൻ, ശിവാജി ഗണേശൻ എന്നിവരുടെ കാലഘട്ടത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്ന അദ്ദേഹം, ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിക്കുകയാണ്. ‘വാഴ 2’യിലെ ഈ ചെറു കാമിയോ പോലും രവീന്ദ്രന്റെ അഭിനയ ശേഷിയുടെ തെളിവായി മാറുകയാണ്.

Content Highlight: About Raveendran’s character in Vazha

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.