പുരുഷ പ്രേതം, ആവാസവ്യൂഹം എന്ന സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ കൃഷന്ദിന്റെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിഷ്‌ക മരണം. 2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി പശ്ചാത്തലമായെത്തിയ ഈ ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത സൈബര്‍പങ്ക് ഴോണറിലാണ് ഒരുങ്ങിയത്.
മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു വിചിത്ര കാലഘട്ടത്തെയാണ് സിനിമ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന ചിത്രം കൂടിയായിരുന്നു മസ്തിഷ്‌ക മരണം.
അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നത് ചിത്രത്തിലെ രജിഷയുടെ ഐറ്റം ഡാന്‍സായിരുന്നു. സിനിമയിലെ ‘കോമള താമര’ എന്ന് തുടങ്ങുന്ന ഗാനവും രജിഷയുടെ ഡാന്‍സും ട്രോളുകളില്‍ നിറഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ ഒരിക്കലും ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായി മസ്തിഷ്‌ക മരണത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണായത്.
പിന്നീട് വന്ന അഭിമുഖങ്ങളില്‍ താരം ‘നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ സിനിമയിലുണ്ടാകും’ എന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്ന പോലെ മസ്തിഷ്‌ക മരണത്തില്‍ തന്റെ ഗംഭീര പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് രജിഷ വിജയന്‍. ബിഗ് സ്‌ക്രീനില്‍ ഫ്രീഡ സോമന്‍ എന്ന സൂപ്പര്‍ സ്റ്റാറായി നിറഞ്ഞാടുന്ന രജിഷയെയാണ് കാണാന്‍ കഴിഞ്ഞത്.
കുറച്ച് ഡ്രമാറ്റിക് ആയ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുമൊക്കെയാണ് സിനിമയിലൂടനീളം ഉള്ളത്. അവിടെ രജിഷ ഓവറായി അഭിനയിക്കുമ്പോഴും ആ കഥാപാത്രത്തിന്റെ ഭംഗി ഒട്ടും ചോര്‍ന്ന് പോകുന്നില്ല. ഒരു സെലിബ്രിറ്റിയുടെ ആറ്റിറ്റിയൂഡും സ്വാഗും ചെറിയ തലക്കനവും ഇമോഷനുകളുമെല്ലാം ഭംഗിയായി തന്നെ സ്‌ക്രീനില്‍ പര്‍ന്നാടിയിട്ടുണ്ട്. ഒരല്‍പ്പം കോംപ്ലിക്കേറ്റഡായ കഥയില്‍ അസാമാന്യമായ രീതിയിലാണ് രജിഷ ഹ്യൂമര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
റിലീസിന് മുമ്പ് വിവാദങ്ങള്‍ക്ക് കാരണമായ ഐറ്റം ഡാന്‍സ് ചിത്രത്തില്‍ എവിടെയും അനാവശ്യമെന്ന് തോന്നിയിട്ടില്ല. എല്ലാത്തരത്തിലും ആ കഥക്കും കഥാപാത്രത്തിനും ആപ്റ്റായിരുന്നു ആ ഡാന്‍സ്. മറ്റൊരാളുടെ പ്രൈവസിയിലേക്കുള്ള മറ്റുള്ളവരുടെ നുഴഞ്ഞുകയറ്റം പ്രത്യേകിച്ച് ഒരു സെലിബ്രിറ്റിയിലേക്കുള്ള പ്രേക്ഷകരുടെ വലാത്ത ഒരു എത്തിനോട്ടം വേര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്ത് ഒരു സറ്റയര്‍ ഴോണറിലാണ് കൃഷന്ദ് അവതരിപ്പിച്ചിരിക്കുന്നത്.
സറ്റയറിലൂടെയും കോമഡിയിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നെതങ്കിലും ഇമോഷണലി നമുക്ക് ഫ്രീഡ സോമന്‍ എന്ന കഥാപാത്രത്തോട് അടുപ്പം തോന്നും. പാപ്പരാസികളുടെ ശല്യം മൂലം ഒരു സെലിബ്രിറ്റി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും മറ്റും രജിഷ സ്‌ക്രീനില്‍ ഭംഗിയായി പകര്‍ന്നാടിയിട്ടുണ്ട്.
തമാശയിലൂടെ കാണിക്കുമ്പോഴും കഥാപാത്രത്തിന്റെ ഇന്റന്‍സിറ്റി നഷ്ടപ്പെടുന്നില്ല. രജിഷയുടെ നീണ്ട 10 വര്‍ഷത്തെ കരിയറില്‍ ബെസ്റ്റ് പെര്‍ഫമോന്‍സ് എന്ന് അടയാളപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രം തന്നെയാണ് ഫ്രീഡ സോമന്‍.
മധുര മനോഹര മോഹം എന്ന സിനിമയ്ക്ക് ശേഷം രജിഷ പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രമാണ് മസ്തിഷ്‌ക മരണം. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണാണ് അടുത്തിടെ പുറത്തിറങ്ങിയതില്‍ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്ന്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച രജിഷ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍, ഫൈനല്‍സ് തുടങ്ങി മികച്ച സിനിമകളില്‍ ഭാഗമായ രജിഷ ഇപ്പോള്‍ തമിഴിലും സജീവമാകുകയാണ്.
Content Highlight: About Rajisha Vijayan’s performance in the movie Masthishka maranam