കഴിഞ്ഞ വർഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു കളങ്കാവൽ. ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഇതോടൊപ്പം ഇരുപത്തൊന്നോളം നായികമാർ ചിത്രത്തിലുണ്ടെന്നതും കളങ്കാവലിനെ വേറിട്ട ചർച്ചകളിലേക്ക് ഉയർത്തി.
സയനൈഡ് മോഹന്റെ കേസിനെ ഉൾകൊണ്ട് തയ്യാറാക്കിയ ചിത്രം തിയേറ്റർ റിലീസിന് പിന്നാലെ തന്നെ നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോൾ ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം സോഷ്യൽ മീഡിയയിൽ ശക്തമായ ചർച്ചകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
സ്ത്രീകളെ വശീകരിച്ച് പ്രണയബന്ധത്തിലേർപ്പെടുകയും പിന്നീട് ലൈംഗികബന്ധത്തിന് ശേഷം കൊലപ്പെടുത്തുകയും ചെയ്യുന്ന സൈക്കോ കഥാപാത്രമായ സ്റ്റാൻലി ദാസായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമണിഞ്ഞത്. അദ്ദേഹത്തിന്റെ പ്രകടനം പോലെ തന്നെ പൊലീസ് ഓഫീസറായെത്തിയ വിനായകന്റെ അഭിനയവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥയും കഥാപാത്രാവതരണങ്ങളും വിശദമായി വിശകലനം ചെയ്യപ്പെടുകയാണ്. സ്റ്റാൻലി ദാസിനേക്കാൾ കൂടുതൽ സൈക്കോയാണ് വിനായകൻ അവതരിപ്പിച്ച നത്തെന്ന കഥാപാത്രമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ അതിനൊപ്പം തന്നെ പ്രേക്ഷകർ കൂടുതലായി ഉന്നയിക്കുന്ന ചോദ്യങ്ങൾ ചിത്രത്തിലെ ചില ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെയാണ് കുറിച്ചുള്ളത്.
വിധി മാറിയ ഗായത്രിയുടെ കഥാപാത്രം യഥാർത്ഥത്തിൽ ആരാണ്? എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കളങ്കാവൽ എന്ന ചിത്രത്തിന്റെ പേരിനുതന്നെ മിത്തുകളുമായി ബന്ധമുണ്ട്. ‘കളം കാക്കുന്നവൻ’ അഥവാ ദി ഗാർഡിയൻ ഓഫ് ദി ഗ്രൗണ്ട് എന്ന അർത്ഥത്തിലാണ് ചിത്രത്തിന്റെ പേര്.
കാളിയൂട്ട് പോലുള്ള ഉത്സവങ്ങളുമായി ബന്ധപ്പെട്ട കളവും ധാരികൻ എന്ന അസുരനെയും കുറിച്ചുള്ള ഐതിഹ്യങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തി ചർച്ചകൾ ഉയരുന്നു. മനുഷ്യനും മൃഗങ്ങളും ദേവന്മാർക്കും കൊല്ലാൻ കഴിയാത്ത ധാരികനെ വധിക്കാൻ കാളിദേവി അവതരിക്കുന്ന കഥയുമായി ചിത്രത്തിന്റെ അവസാനം പലരും ബന്ധിപ്പിക്കുന്നു.
കളങ്കാവൽ, Photo: YouTube/ Screen grab
അവസാന രംഗങ്ങളിൽ സ്റ്റാൻലിയെ നത്തെന്ന കഥാപാത്രം തോൽപ്പിക്കുന്ന സമയത്ത് ഗായത്രിയെ കാണിക്കുന്നതും പശ്ചാത്തല സംഗീതം ഉത്സവാന്തരീക്ഷം സൃഷ്ട്ടിക്കുന്നതുമാണെന്ന് പ്രേക്ഷകർ പറയുന്നു. ഇത് ഗായത്രി ദേവീപ്രതീകമാണെന്ന സൂചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ഗായത്രിയുടെ ജോലി എന്താണെന്ന് ചിത്രം എവിടെയും വ്യക്തമായി പറയുന്നില്ല. മകളോട് ‘നൈറ്റ് ഡ്യൂട്ടിയാണ്’ എന്ന് മാത്രമാണ് അവൾ പറയുന്നത്. രാത്രിയിൽ സ്റ്റാൻലിയെ കാണാനെത്തുന്നതിൽ വൈകുന്നത് അമ്പലത്തിലെ ഉത്സവം മൂലമാണെന്ന് അവൾ വിശദീകരിക്കുന്നു. എന്നാൽ ഇതെല്ലാം സ്റ്റാൻലിയെ കുടുക്കാനുള്ള മുൻകൂട്ടിയുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന സംശയവും പ്രേക്ഷകർ പങ്കുവെക്കുന്നു.
ഗായത്രി അവിടെ എത്തിച്ചേരുന്നതിന് ശേഷമാണ് സ്റ്റാൻലിയെ ലോഡ്ജിൽ നിന്നു പിടികൂടുന്നത് എന്നതും ഈ സംശയങ്ങൾക്ക് ശക്തി നൽകുന്നു. അവൾ ഒരുപക്ഷേ രഹസ്യമായി പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥയാകാമെന്നും, സ്റ്റാൻലിയെ ആ ലോഡ്ജിലേക്ക് എത്തിക്കാൻ നിർണായക പങ്ക് അവൾക്കുണ്ടായിരുന്നെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നു. അവസാനം അവളുടെ മുഖത്ത് തെളിയുന്ന ഭാവമാറ്റങ്ങൾ, സ്റ്റാൻലിയെ കുടുക്കിയതിന്റെ വിജയസൂചനയാണെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.
Content Highlight: About Gayathri Arun’s character in the movie Kalankaval
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.