കൃഷാന്ദിന്റെ സംവിധാനത്തില്‍ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മസ്തിഷ്‌ക മരണം. രജിഷ വിജയന്‍, ദിവ്യ പ്രഭ, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ഫ്രം ദി മേക്കര്‍ ഓഫ് ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും മസ്തിഷ്‌ക മരണത്തിലേക്കും അടുപ്പിച്ചത്.
2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി പശ്ചാത്തലമായെത്തിയ ഈ ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത സൈബര്‍പങ്ക് സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ഒരുങ്ങിയത്. മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു വിചിത്ര കാലഘട്ടത്തെ കാണിക്കുന്ന മസ്തിഷ്‌ക മരണത്തിലെ ഓരോ അഭിനേതാക്കളുടെ പ്രകടനവും ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ പ്രധാന ചര്‍ച്ചയായി മാറുകയാണ്.
സിനിമയില്‍ രജിഷ വിജയന്‍ അവതരിപ്പിച്ച ഫ്രീഡ സോമനെന്ന കഥാപാത്രത്തിനോട് കട്ടക്ക് പിടിച്ചുനിന്നത് ഡെസ്ഡിമോണയായി വന്ന ദിവ്യപ്രഭയായിരുന്നു. തന്റെ അസാമാന്യ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അവര്‍ പ്രേക്ഷകരെ കയ്യിലെടുത്തുവെന്ന് തന്നെ പറയാം. ഫ്രീഡ സോമന്റെ അസിസ്റ്റന്റായി എത്തിയ ഡെസ്ഡിമോണ പലപ്പോഴും തന്റെ കൗണ്ടര്‍ അടി കൊണ്ട് രജിഷയെ സൈഡാക്കുന്നുണ്ടായിരുന്നു.
തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ദിവ്യ പ്രഭ. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം 2013ല്‍ പുറത്തിറങ്ങിയ ലോക്പാല്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. ടേക്ക് ഓഫ്, തമാശ, മാലിക്, എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ദിവ്യ പ്രഭ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി.
ടേക്ക് ഓഫിലെ ജിന്‍സിയും തമാശയിലെ ബബിത ടീച്ചറും അത്രപെട്ടന്നൊന്നും മലയാളികള്‍ മറക്കില്ല. മഹേഷ് നാരായണന്‍ സംവിധാന ചെയ്ത അറിയിപ്പ് എന്ന സിനിമ താരത്തിന് ഒരു കരിയര്‍ ബ്രേക്ക് കൊടത്തപ്പോള്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി. അഭിനയിച്ച ഓരോ സിനിമകളിലെയും കഥാപാത്രങ്ങള്‍ വേറിട്ട് നില്‍ക്കുമ്പോഴും വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ദിവ്യ പ്രഭക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ താരത്തിന്റെ കോമഡി സൈഡ് ഇതുവരെ നമ്മള്‍ എക്‌സപ്ലോര്‍ ചെയ്ത് കണ്ടിരുന്നില്ല. ഇതുവരെ മലയാളികള്‍ കണ്ടിട്ടില്ലാത്ത ദിവ്യ പ്രഭയായിരുന്നു മസ്തിഷ്‌ക മരണത്തിലെ ഡെസ്ഡിമോണ. ഡയലോഗ് ഡെലിവറിയാണ് മെയിന്‍…. ഓരോന്ന് പറഞ്ഞ് നമ്മെ ചിരിപ്പിക്കും. ഇംഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തി മംഗ്ലീഷ് പറഞ്ഞാലും, കൗണ്ടര്‍ അടിച്ചാലും ഇനി ചളി പറഞ്ഞാലും ചിരിക്കാനുള്ള വക അവരുടെ സംഭാഷണങ്ങളിലുണ്ടായിരുന്നു.
ഇടക്കിടെയുള്ള കൊച്ചി സ്ലാങ്ങിലെ യെവന്‍..വിളി നമ്മളെ പൊട്ടിച്ചിരിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രങ്ങളിലും പൂര്‍ണമായും ലയിച്ചു ചേരാനുള്ള അസാമാന്യ കഴിവ് അവര്‍ക്കുണ്ട്. ഇരുത്തം വന്നത് പോലെ ഹാസ്യവും മസ്തിഷ്‌ക മരണത്തില്‍ കയ്യടക്കത്തോടെ ദിവ്യ പ്രഭ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: About Divya Prabha’s performance in the movie Masthishka maranam