| Tuesday, 6th May 2025, 3:59 pm

തുടരും കണ്ടിട്ട് ഒരു അമ്മ 'നീ എന്ത് തോന്ന്യവാസമാണ് കാണിച്ചത്' എന്ന് ചോദിച്ചു; ആ ചേട്ടന്‍ പറഞ്ഞിട്ടാണെന്ന് ഞാന്‍ പറഞ്ഞു: അബിന്‍ ബിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രോമാഞ്ചത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് അബിന്‍ ബിനോ. അബിന്‍ രോമാഞ്ചം സിനിമക്ക് പുറമെ പുലിമടയിലും സാറാസിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രങ്ങളായ ടര്‍ബോയിലും ബസൂക്കയിലും അബിന്‍ ബിനോ അഭിനയിച്ചിട്ടുണ്ട്. തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രമായി എത്തിയത് അബിന്‍ ബിനോ ആണ്.

ഇപ്പോള്‍ തുടരും എന്ന സിനിമ കണ്ടതിന് ശേഷമുള്ള ഒരു അമ്മയുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് അബിന്‍ ബിനോ. കറ്റാനം എന്ന സ്ഥലത്ത് തുടരും സിനിമയുടെ തിയേറ്റര്‍ വിസിറ്റുമായി ബന്ധപ്പെട്ട് താന്‍ പോയിരുന്നുവെന്നും അപ്പോള്‍ സിനിമ കണ്ടുകഴിഞ്ഞ ഒരു സ്ത്രീ തന്നോട് ‘നീ എന്ത് തോന്ന്യവാസം ആണ് കാണിച്ചത്’ എന്ന് ചോദിച്ചുവെന്നും അബിന്‍ പറയുന്നു.

അവിടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ ചൂണ്ടിക്കാണിച്ച് ആ ചേട്ടന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞുവെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാറ്റാനത്ത് ഒരു തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ ഞാന്‍ അവിടെ ഉള്ളൊരു ഓഫീസ് സ്റ്റാഫുമായി സാംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു അമ്മ എന്റെ കയ്യില്‍ വലിച്ച് എന്നെ പിടിച്ച് നിര്‍ത്തിയിട്ട് ‘നീ എന്ത് തോന്ന്യവാസം ആണ് കാണിച്ചത്’ എന്ന് ചോദിച്ചു.

തരുണ്‍ മൂര്‍ത്തി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ ചൂണ്ടി കാണിച്ചിട്ട് ആ ചേട്ടന്‍ പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞു (ചിരി),’ അബിന്‍ പറയുന്നു.

തുടരും

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

കെ.ആര്‍. സുനിലിനൊപ്പം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ഷാജി കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Abin Bino Talks About Thudarum Movie

We use cookies to give you the best possible experience. Learn more