സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബംഗാളിനെതിരെ വെടിക്കെട്ടുമായി അഭിഷേക് ശര്‍മ. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 52 പന്ത് നേരിട്ട താരം 148 റണ്‍സാണ് അടിച്ചുകൂട്ടിയത്.
അഭിഷേകിന്റെ കരുത്തില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
16 സിക്‌സറും എട്ട് ഫോറും അടക്കം 284.62 സ്‌ട്രൈക്ക് റേറ്റിലാണ് അഭിഷേക് ജിംഖാനയില്‍ റണ്‍ മഴപെയ്യിച്ചത്. മുഹമ്മദ് ഷമിയും റിത്വിക് ചാറ്റര്‍ജിയും ആകാശ് ദീപും അടക്കം പന്തെറിഞ്ഞ എല്ലാവരും അഭിഷേകിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
ഈ വെടിക്കെട്ടിന് പിന്നാലെ അഭിഷേകിനെ ഒരു ചരിത്ര നേട്ടവും തേടിയെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോറിന്റെ നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ള മെഗാ ഇവന്റ്. ഐ.പി.എല്ലിന് മുമ്പാണ് ടൂര്‍ണമെന്റ് നടക്കുന്നത് എന്നതിനാല്‍ തന്നെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമായിരിക്കും ലോകകപ്പ് ടീമിലേക്കുള്ള വഴി തുറക്കുക.
ഇതിനോടകം തന്നെ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ലോകകപ്പ് ടീമിലുള്ള തന്റെ സ്ഥാനം ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. ഓപ്പണറായി അഭിഷേക് കളത്തിലിറങ്ങുമ്പോള്‍ എതിരാളികള്‍ പേടിക്കേണ്ടി വരുമെന്നുറപ്പാണ്.
Content Highlight: Abhishek Sharma with fireworks at Syed Mushtaq Ali Trophy