| Wednesday, 24th September 2025, 1:37 pm

റണ്ണഭിഷേകത്തില്‍ സാക്ഷാല്‍ ഗെയ്ല്‍ സ്റ്റോമും പത്തി മടക്കി; ഇവന്‍ ഇനി വെടിക്കെട്ടിന്റെ പര്യായം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടില്‍ തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അടിത്തറയൊരുങ്ങുന്നത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ റണ്‍ മെഷീന്‍ ബംഗ്ലാദേശ് ബൗളര്‍മാക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറുമടക്കം 74 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ ഇന്നിങ്‌സില്‍ താരം ‘സിക്‌സറടിച്ച് അര്‍ധ സെഞ്ച്വറിയും’ പൂര്‍ത്തിയാക്കിയിരുന്നു. 53 സിക്‌സറുകളാണ് ഇപ്പോള്‍ അന്താരാഷ്ട്ര ടി-20യില്‍ അഭിഷേകിന്റെ പേരിലുള്ളത്.

ഇതോടെ ഏറ്റവും വേഗത്തില്‍ 50 അന്താരാഷ്ട്ര ടി-20 സിക്‌സറുകള്‍ നേടിയ ഓപ്പണര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും അഭിഷേകിന് സാധിച്ചു. 18ാം ഇന്നിങ്‌സിലാണ് താരം 50 സിക്‌സറെന്ന നാഴികക്കല്ല് പിന്നിട്ടത്.

ഏറ്റവും വേഗത്തില്‍ 50 ടി-20ഐ സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ഓപ്പണര്‍ (മത്സരത്തിന്റെ അടിസ്ഥാനത്തില്‍)

(താരം – ടീം – 50 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന ഇന്നിങ്‌സുകള്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 18*

എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 20

കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 20

ഹസ്രത്തുള്ള സസായ് – അഫ്ഗാനിസ്ഥാന്‍ – 22

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 25

ഷെയ്ന്‍ വാട്‌സണ്‍ – ഓസ്‌ട്രേലിയ – 28

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 30

ഏഷ്യാ കപ്പിലെ നാല് മത്സരത്തില്‍ നിന്നും 43.25 ശരാശരിയില്‍ 173 റണ്‍സുമായാണ് അഭിഷേക് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 12 സിക്‌സറും 17 ഫോറുമടക്കമാണ് അഭിഷേക് ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാകുന്നത്.

നിലവിലെ ഫോമില്‍ അഭിഷേക് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാനും സാധിക്കും.

Content highlight: Abhishek Sharma tops the list of fastest 50 T20I sixer by an opener

Latest Stories

We use cookies to give you the best possible experience. Learn more