സാക്ഷാല്‍ യുവരാജും സൂര്യകുമാറും വീണു; വെടിക്കെട്ടില്‍ ഇവനെ വെല്ലാന്‍ ഇനിയാര്?
Sports News
സാക്ഷാല്‍ യുവരാജും സൂര്യകുമാറും വീണു; വെടിക്കെട്ടില്‍ ഇവനെ വെല്ലാന്‍ ഇനിയാര്?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th January 2025, 4:03 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്.

യുവതാരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 34 പന്തില്‍ 79 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. എട്ട് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പടെ 232.35 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഈ വെടിക്കെട്ടിന് പിന്നാലെ താരത്തിന്റെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ് 183.06ലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഇതോടെ ആദ്യ 12 ഇന്നിങ്‌സില്‍ ഏറ്റവും മികച്ച പ്രഹരശേഷിയുള്ള ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. റിങ്കു സിങ്ങിനെ മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

ആദ്യ 12 ടി-20ഐ ഇന്നിങ്‌സില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരം

(താരം – സ്‌ട്രൈക് റേറ്റ്)

അഭിഷേക് ശര്‍മ – 183.06

റിങ്കു സിങ് – 174.51

യുവരാജ് സിങ് – 166.52

സൂര്യകുമാര്‍ യാദവ് – 165.57

യശസ്വി ജെയ്‌സ്വാള്‍ – 163.72

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കാനും അഭിഷേക് ശര്‍മയ്ക്കായി. ഇംഗ്ലണ്ടിനെതിരെ ഏഴ് സിക്‌സര്‍ പൂര്‍ത്തിയാക്കിയതോടെയാണ് അഭിഷേക് സിക്‌സറടിച്ച് ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന 20ാം താരം കൂടിയാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍.

ടി-20 ഫോര്‍മാറ്റില്‍ 200 സിക്സര്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – സിക്സര്‍ എന്നീ ക്രമത്തില്‍)

  • രോഹിത് ശര്‍മ – 525
  • വിരാട് കോഹ്‌ലി – 416
  • സൂര്യകുമാര്‍ യാദവ് – 341
  • എം.എസ്. ധോണി – 338
  • സഞ്ജു സാംസണ്‍ – 335
  • സുരേഷ് റെയ്‌ന – 325
  • കെ.എല്‍. രാഹുല്‍ – 311
  • ഹര്‍ദിക് പാണ്ഡ്യ – 279
  • റോബിന്‍ ഉത്തപ്പ – 267
  • യുവരാജ് സിങ് – 261
  • ദിനേഷ് കാര്‍ത്തിക് – 256
  • ശ്രേയസ് അയ്യര്‍ – 247
  • യൂസുഫ് പത്താന്‍ – 243
  • നിതീഷ് റാണ – 238
  • അംബാട്ടി റായിഡു – 231
  • റിഷബ് പന്ത് – 228
  • ശിഖര്‍ ധവാന്‍ – 228
  • ഇഷാന്‍ കിഷന്‍ – 224
  • മനീഷ് പാണ്ഡേ – 222
  • അഭിഷേക് ശര്‍മ – 201*

അതേസമയം, ജനുവരി 25നാണ് ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ രണ്ടാം മത്സരം. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.

 

Content highlight: Abhishek Sharma tops India’s list of highest T20I strike rates after first 12 innings\