അവര്‍ എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി; തുറന്ന് പറഞ്ഞ് അഭിഷേക് ശര്‍മ
Cricket
അവര്‍ എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി; തുറന്ന് പറഞ്ഞ് അഭിഷേക് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st October 2025, 3:17 pm

2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു. മത്സരങ്ങളില്‍ ഉടനീളം അപരാജിതരായാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 44.85 ആവറേജില്‍ 314 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും അഭിഷേക് ഒന്നാമനാണ്. ഫൈനലിന് ശേഷം അഭിഷേക് തന്റെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പരിശീലകന്‍ ഗൗതം ഗംഭീറും നല്‍കുന്ന പിന്തുണയെ പറ്റി സംസാരിച്ചിരുന്നു. ഇരുവരും വളരെയധികം ആത്മവിശ്വാസം നല്‍കിയെന്നും സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചെന്നും താരം പറഞ്ഞു.

‘സൂര്യ ഭായിയും ഗൗതം സാറും എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന റിസ്‌കോടെ കളിക്കുമ്പോള്‍ പരാജയങ്ങള്‍ ഉണ്ടാകും. പക്ഷേ അവര്‍ എന്നെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചു, ആ സമയത്ത് അവര്‍ എന്നോട് സംസാരിച്ചതും അത്തരത്തിലായിരുന്നു – അതുകൊണ്ടാണ് എനിക്ക് എന്റേതായ രീതിയില്‍ കളിക്കാന്‍ കഴിയുന്നത്. അത്തരത്തിലുള്ള പിന്തുണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,’ മത്സരത്തിന് ശേഷം അഭിഷേക് പറഞ്ഞു.

ടി-20യില്‍ വളരെ ചെറിയകാലയളവിലാണ് അഭിഷേക് തന്റെ കരുത്ത് തെളിയിച്ചത്. ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ 24 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സാണ് അടിച്ചെടുത്തത്. 36.9 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 196.1 എന്ന പ്രഹരശേഷിയില്‍ ബാറ്റ് വീശിയ താരം രണ്ട് സെഞ്ച്വറികളും കുട്ടിക്രിക്കറ്റില്‍ നിന്ന് സ്വന്തമാക്കി. അഞ്ച് അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ നിന്ന് താരം സ്വന്തമാക്കി. 78 ഫോറും 60 സിക്‌സും താരം ഫോര്‍മാറ്റില്‍ നിന്ന് നേടിയിട്ടുണ്ട്.

Content Highlight: Abhishek Sharma Talking About Surya And Gambhir