ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ മിന്നും പ്രകടനമാണ് വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. മത്സരത്തിലെ വിജയത്തിന് ശേഷം താരം സംസാരിച്ചിരുന്നു. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ നേടണമെങ്കില്‍ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകണമെന്ന് താരം പറഞ്ഞു. മാത്രമല്ല വലിയ സിക്‌സറുകള്‍ അടിക്കാന്‍ താന്‍ പരിശീലിച്ചുവരികയാണെന്നും റേഞ്ച് ഹിറ്റിങ്ങിനേക്കാള്‍ ടൈമിങ്ങില്‍ വിശ്വസിക്കുന്ന ഒരു ബാറ്ററാണ് താനെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് ഒരു പ്ലാന്‍ ഉണ്ടായിരുന്നു, അത് ഞങ്ങള്‍ ഫോളോ ചെയ്തു. 200 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടണമെങ്കില്‍ നിങ്ങള്‍ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകണം. എല്ലാ ടീമുകളും എനിക്കായി ഒരു പ്ലാന്‍ തയ്യാറാക്കുന്നു. എന്നാല്‍ എന്റെ റോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതല്ല, പക്ഷെ ഇതെന്റെ കംഫര്‍ട്ട് സോണ്‍ ആണെന്ന് ഞാന്‍ പറയില്ല.
അഭിഷേക് ശര്‍മ – Photo: Bcci/x.com
വലിയ സിക്‌സറുകള്‍ അടിക്കാന്‍ ഞാന്‍ പരിശീലിച്ചുവരികയാണ്. റേഞ്ച് ഹിറ്റിങ്ങിനേക്കാള്‍ ടൈമിങ്ങില്‍ വിശ്വസിക്കുന്ന ഒരു ബാറ്ററാണ് ഞാന്‍. പന്ത് വാച്ച് ചെയ്യുകയും സാഹചര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. നെറ്റ് സെഷനില്‍ പ്ലാന്‍ ചെയ്യുന്നു,’ അഭിഷേക് പറഞ്ഞു.
അതേസമയം ജെയ്പൂരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് മറികടക്കാനാകാതെ 190 റണ്‍സിന് തകരുകയായിരുന്നു കിവീസ്. വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 240 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ജനുവരി 23) നടക്കും. ന്യൂ ജെയ്പൂരില്‍ നടക്കുന്ന മത്സരത്തിലും ഇന്ത്യ ആധിപത്യം ഉറപ്പിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. മാത്രമല്ല ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്ത മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Abhishek Sharma Talking About His Performance