ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം മത്സരം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ വാംഖഡെയിലും വിജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്‌സറും ഒരു ഫോറുമായി സഞ്ജു സാംസണ്‍ വെടിക്കെട്ടിന് തിരി കൊളുത്തിയിരുന്നു. എന്നാല്‍ ഏഴ് പന്തില്‍ 16 റണ്‍സുമായി സഞ്ജു പുറത്തായി.
സഞ്ജുവിന്റെ അതേ രീതിയില്‍ എന്നാല്‍ കൂടുതല്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യാനാണ് അഭിഷേക് ശര്‍മ ശ്രമിച്ചത്. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറടിച്ച താരം ഇംഗ്ലണ്ട് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു.
17 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അഭിഷേക് ശര്‍മ വാംഖഡെയെ ഹരം കൊള്ളിച്ചത്. അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത് അര്‍ധ സെഞ്ച്വറിയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്.
On The Charge ⚡️⚡️
Abhishek Sharma is on the move and brings up his fifty 👌
മത്സരത്തില്‍ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. അഭിഷേകിന്റെ വെടിക്കെട്ടിലാണ് ആദ്യ ആറ് ഓവറില്‍ ഇന്ത്യ 95ലെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന നേട്ടവും ഇതോടെ പിറവിയെടുത്തു.
അതേസമയം, മത്സരത്തിന്റെ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 25 പന്തില്‍ 72 റണ്‍സുമായി അഭിഷേക് ശര്‍മയും പത്ത് പന്തില്‍ 21 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.