അഭിഷേക് ഒറ്റയ്ക്ക് 30 സിക്‌സര്‍; സഞ്ജുവടക്കം ബാക്കിയുള്ള എല്ലാവരും ചേര്‍ന്ന് 19!, വെടിക്കെട്ട് ഗ്യാരണ്ടി
Sports News
അഭിഷേക് ഒറ്റയ്ക്ക് 30 സിക്‌സര്‍; സഞ്ജുവടക്കം ബാക്കിയുള്ള എല്ലാവരും ചേര്‍ന്ന് 19!, വെടിക്കെട്ട് ഗ്യാരണ്ടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th December 2025, 7:01 am

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ 2-1ന് പരമ്പരയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം 16ാം ഓവറില്‍ ഇന്ത്യ മറികടന്നു.

18 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. മൂന്ന് വീതം സിക്‌സറും ഫോറുമായി 194.44 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. പവര്‍പ്ലേക്ക് മുമ്പ് തന്നെ പുറത്തായെങ്കിലും അഭിഷേക് ഒരുക്കിയ അടിത്തറയാണ് ഇന്ത്യന്‍ വിജയത്തില്‍ കരുത്തായത്.

ഈ പ്രകടനത്തോടെ 2025ല്‍ തന്റെ പവര്‍പ്ലേ സിക്‌സര്‍ 30 ആയി ഉയര്‍ത്താനും അഭിഷേകിന് സാധിച്ചു. ഈ നേട്ടത്തില്‍ മറ്റൊരു ഇന്ത്യന്‍ താരത്തെക്കാളും എത്രയോ മുമ്പിലാണ് അഭിഷേക്.

പവര്‍പ്ലേയില്‍ അഭിഷേകിന്റെ വെടിക്കെട്ട് എത്രത്തോളമാണെന്ന് വ്യക്തമാകാന്‍ മറ്റൊരു കണക്ക് കൂടി പരിശോധിക്കാം. 2025ല്‍ ആദ്യ ആറ് ഓവറുകളില്‍ നിന്നായി അഭിഷേക് 30 സിക്‌സര്‍ പറത്തിയപ്പോള്‍ മറ്റുള്ള താരങ്ങളെല്ലാവര്‍ക്കും ചേര്‍ന്ന് നേടാന്‍ സാധിച്ചത് 19 സിക്‌സറുകള്‍ മാത്രം!

ഇതിനൊപ്പം മറ്റൊരു നേട്ടത്തിലും അഭിഷേക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് അഭിഷേക് ഒന്നാമത് തുടരുന്നത്. 24 സിക്‌സറുമായി രോഹിത് 2022ലെ രോഹിത് ശര്‍മയാണ് രണ്ടാമത്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരം

(താരം – എത്ര സിക്‌സറുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 30 – 2025*

രോഹിത് ശര്‍മ – 24 – 2022*

യശസ്വി ജെയ്‌സ്വാള്‍ – 15 – 2023

രോഹിത് ശര്‍മ – 14 – 2018

രോഹിത് ശര്‍മ – 14 – 2021

അതേസമയം, മൂന്നാം മത്സരത്തില്‍ അഭിഷേക് പുറത്തായതോടെ സ്‌കോറിന്റെ വേഗവും കുറഞ്ഞിരുന്നു. ആറാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് പുറത്താകുമ്പോള്‍ 60 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 12ാം ഓവറിലെ നാലാം പന്തില്‍ ഗില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 92!.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് മൂന്നാം മത്സരത്തിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല. മാര്‍കോ യാന്‍സെന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി പുറത്തായെങ്കിലും റിവ്യൂവിലൂടെ ജീവന്‍ നേടിയെടുത്ത ഗില്‍ 28 പന്തില്‍ 28 റണ്‍സ് നേടി.

34 പന്ത് നേരിട്ട് പുറത്താകാതെ 26 റണ്‍സ് നേടിയ തിലക് വര്‍മയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 12 റണ്‍സും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് ആദ്യ ഘട്ടത്തില്‍ തൊട്ടതെല്ലാം പിഴച്ചു. ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ ചെറുത്തുനില്‍പാണ് സന്ദര്‍ശകരെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. മര്‍ക്രം 46 പന്തില്‍ 61 റണ്‍സ് നേടി.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡിസംബര്‍ 17നാണ് പരമ്പരയിലെ നാലാം മത്സരം. ലഖ്‌നൗവാണ് വേദി.

 

Content Highlight: Abhishek Sharma scored 30 sixes in powerplay in 2025