രണ്ട് സിംഹാസനങ്ങള്‍ വിരാട് കയ്യടക്കി, ടി-20യില്‍ ആധിപത്യം സ്ഥാപിച്ച് അഭിഷേകും
Sports News
രണ്ട് സിംഹാസനങ്ങള്‍ വിരാട് കയ്യടക്കി, ടി-20യില്‍ ആധിപത്യം സ്ഥാപിച്ച് അഭിഷേകും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st October 2025, 2:51 pm

2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു. മത്സരങ്ങളില്‍ ഉടനീളം അപരാജിതരായാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 44.85 ആവറേജില്‍ 314 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും അഭിഷേക് ഒന്നാമനാണ്. ഇതോടൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം ഐ.സി.സി റേറ്റിങ്ങില്‍ സ്വന്തമാക്കിയിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റേറ്റിങ് നേടുന്ന താരമെന്ന നേട്ടമായിരുന്നു അഭിഷേക് നേടിയത്. മറ്റ് ഇന്ത്യന്‍ താരങ്ങളെ നേക്കുകുത്തിയാക്കിയായിരുന്നു അഭിഷേകിന്റെ റേറ്റിങ് കുത്തനെ കൂടിയത്. ടി-20യില്‍ 931 എന്ന റേറ്റിങ്ങാണ് അഭിഷേക് നേടിയത്. മാത്രമല്ല ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉണ്ടായിരുന്ന ഇംഗ്ലണ്ട് താരം ഡേവിഡ് മാലാനെ പോലും മറികടന്നായിരുന്നു അഭിഷേകിന്റെ താണ്ഡവം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള താരങ്ങള്‍

അഭിഷേക് ശര്‍മ – 931

ഡേവിഡ് മാലാന്‍ – 919

സൂര്യകുമാര്‍ യാദവ് – 912

വിരാട് കോഹ്‌ലി – 909

അതേസമയം ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റേറ്റിങ് നേടുന്ന ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. ടെസ്റ്റില്‍ വിരാട് 937 റേറ്റിങ്ങും ഏകദിനത്തില്‍ 911 പോയിന്റുമാണ് നേടിയത്. മൂന്ന് ഫോര്‍മാറ്റിലെ രണ്ടിലും വിരാട് ആധിപത്യം സ്ഥാപിച്ചപ്പോള്‍ അഭിഷേക് ടി-20യിലും കുതിപ്പ് തുടരുകയാണ്.

ടി-20യില്‍ വളരെ ചെറിയകാലയളവിലാണ് അഭിഷേക് തന്റെ കരുത്ത് തെളിയിച്ചത്. ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ 24 മത്സരങ്ങളില്‍ നിന്ന് 849 റണ്‍സാണ് അടിച്ചെടുത്തത്. 36.9 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 196.1 എന്ന പ്രഹരശേഷിയില്‍ ബാറ്റ് വീശിയ താരം രണ്ട് സെഞ്ച്വറികളും കുട്ടിക്രിക്കറ്റില്‍ നിന്ന് സ്വന്തമാക്കി. അഞ്ച് അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ നിന്ന് താരം സ്വന്തമാക്കി. 78 ഫോറും 60 സിക്‌സും താരം ഫോര്‍മാറ്റില്‍ നിന്ന് നേടിയിട്ടുണ്ട്.

Content Highlight: Abhishek Sharma In Great Record Achievement In T-20i