| Wednesday, 24th September 2025, 3:09 pm

907 റേറ്റിങ് പോയിന്റോ! അതും വെറും 20 ഇന്നിങ്‌സില്‍; ഇവന്‍ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വീണ്ടും നേട്ടമുണ്ടാക്കി അഭിഷേക് ശര്‍മ. നിലവില്‍ ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമനാണെങ്കിലും റേറ്റിങ് പോയിന്റ് ഉയര്‍ത്തിയാണ് അഭിഷേക് ഞെട്ടിച്ചിരിക്കുന്നത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ 907 ആയാണ് അഭിഷേക് ശര്‍മ റേറ്റിങ് പോയിന്റ് മെച്ചപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് സൂപ്പര്‍ താരം ഫില്‍ സാള്‍ട്ടിനേക്കാള്‍ 63 റേറ്റിങ് പോയിന്റിന്റെ വ്യത്യാസത്തിലാണ് താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഐ.സി.സി ടി-20 ഐ ബാറ്റര്‍മാരുടെ റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഇതോടെ ഒരു ചരിത്ര നേട്ടവും അഭിഷേക് സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ 900+ റേറ്റിങ് പോയിന്റ് സ്വന്തമാക്കുന്ന ആറാമത് മാത്രം താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും അഭിഷേകിന് സാധിച്ചു.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് (ബാറ്റര്‍മാര്‍)

(താരം – ടീം – റേറ്റിങ് എന്നീ ക്രമത്തില്‍)

ഡേവിഡ് മലന്‍ – ഇംഗ്ലണ്ട് – 919

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 912

വിരാട് കോഹ്‌ലി – ഇന്ത്യ – 909

അഭിഷേക് ശര്‍മ – ഇന്ത്യ – 907*

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 904

ബാബര്‍ അസം – പാകിസ്ഥാന്‍ – 900

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 894

കെവിന്‍ പീറ്റേഴ്‌സണ്‍ – ഇംഗ്ലണ്ട് – 886

ട്രാവിസ് ഹെഡ് – ഓസ്‌ട്രേലിയ – 885

അതേസമയം, ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് അഭിഷേക് ശര്‍മയും ഇന്ത്യയും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടില്‍ തന്നെയാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ അടിത്തറയൊരുങ്ങുന്നത്. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയുടെ റണ്‍ മെഷീന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Content Highlight: Abhishek Sharma achieved 900+ rating points in T20I

We use cookies to give you the best possible experience. Learn more