| Sunday, 29th June 2025, 8:41 am

അഞ്ച് തവണ ആ മലയാള സിനിമ കണ്ടതിന് ശേഷമാണ് ഞാന്‍ ടൂറിസ്റ്റ് ഫാമിലി എഴുതിയത്: അബിഷന്‍ ജീവിന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശശികുമാര്‍, സിമ്രന്‍, മിഥുന്‍ ജയ്ശങ്കര്‍, കമലേഷ് ജഗന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം എല്ലാവരുടെയും മനസ് നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമാണ്. ഹൈപ്പിലെത്തിയ സൂര്യയുടെ റെട്രോയെക്കാള്‍ കളക്ഷന്‍ തമിഴ്‌നാട്ടില്‍ നിന്ന് ടൂറിസ്റ്റ് ഫാമിലി സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ സിനിമകളോ സിനിമ പ്രവര്‍ത്തകരോ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ അബിഷന്‍ ജീവിന്ത്. റോള്‍ മോഡല്‍ ആയി തനിക്ക് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ലെന്നും ഹോളിവുഡ്, കൊറിയന്‍ സിനിമകള്‍ ഉള്‍പ്പെടെ എല്ലാം തന്നെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

മലയാളം സിനിമകളാണ് പിന്നെ തനിക്ക് ഏറ്റവും ഇഷ്ടമെന്നും‘കുമ്പളങ്ങി നൈറ്റ്സ്’ തന്റെ മനസിനോട് വളരെ ചേര്‍ന്നിരിക്കുന്ന ഒരു സിനിമയാണെന്നും അബിഷന്‍ പറയുന്നു. ടൂറിസ്റ്റ് ഫാമിലിയുടെ തിരക്കഥ എഴുതും മുമ്പ് നാലോ അഞ്ചോ തവണ താന്‍ കുമ്പളങ്ങി നൈറ്റ്സ് കണ്ടിരുന്നുവെന്നും ആ സിനിമ സൃഷ്ടിക്കുന്ന മൂഡ് വളരെ മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അബിഷന്‍ ജീവിന്ത്.

‘റോള്‍ മോഡല്‍ ആയി എനിക്ക് ചൂണ്ടിക്കാണിക്കാന്‍ ആരുമില്ല. ഹോളിവുഡ് കൊറിയന്‍ സിനിമകള്‍ ഉള്‍പ്പെടെ എല്ലാം ഇഷ്ടമാണ്. മലയാളം സിനിമകളാണ് പിന്നെ ഏറ്റവും ഇഷ്ടം. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്റെ മനസിനോട് ചേര്‍ന്നിരിക്കുന്ന ഒന്നാണ്. ടൂറിസ്റ്റ് ഫാമിലിയുടെ തിരക്കഥ എഴുതുന്നതിന് മുമ്പ് നാലോ അഞ്ചോ തവണ ഞാന്‍ കുമ്പളങ്ങി നൈറ്റ്‌സ് കണ്ടു. ആ സിനിമ സൃഷ്ടിക്കുന്നൊരു മൂഡ് മനോഹരമാണ്,’ അബിഷന്‍ ജീവിന്ത് പറയുന്നു.

കുമ്പളങ്ങി നൈറ്റ്‌സ്

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി. നാരായണന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലും അന്യഭാഷകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Content Highlight: Abhishan jeevinth  says that  he watched Kumbalangi Nights  five times before writing the script for Tourist Family.

We use cookies to give you the best possible experience. Learn more