ജീവിതത്തിൽ ആരെയും കൈനീട്ടിപ്പോലും അടിച്ചിട്ടില്ല, പക്ഷേ എന്റെ മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്തും ചെയ്യും: അഭിരാമി
Malayalam Cinema
ജീവിതത്തിൽ ആരെയും കൈനീട്ടിപ്പോലും അടിച്ചിട്ടില്ല, പക്ഷേ എന്റെ മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്തും ചെയ്യും: അഭിരാമി
കെ.എസ് ഷാബിന
Monday, 1st June 2026, 1:03 pm

‘ആക്ഷൻ കിംങ് ‘ അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ബ്ലാസ്റ്റ്’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ആഗോള റിലീസായെത്തിയ ചിത്രത്തിന് എല്ലാ റിലീസ് കേന്ദ്രങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കംപ്ലീറ്റ് ഫാമിലി ആക്ഷൻ എന്റർടൈനറായി ഒരുക്കിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്ലാസ്റ്റ്.Photo: District

1990-ൽ പുറത്തിറങ്ങിയ ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അഭിരാമിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ഒരു കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും, അവരുടെ സമാധാനപൂർണമായ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ ചിലർ കടന്നുവരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ നടത്തിയ പ്രെസ്സ് മീറ്റിൽ തനിക്കുണ്ടായ അനുഭവങ്ങളും തയ്യാറെടുപ്പുകളും പങ്കുവെക്കുകയാണ് നടി അഭിരാമി.

‘ഞാൻ പൊതുവെ ജീവിതത്തിൽ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ എന്നെക്കാൾ അപകടകരമായ മറ്റൊന്നുമില്ല. ഞാൻ അവരെ കൊല്ലും, അതിൽ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ‘ഫയർ’ വേറെ ഒന്നിനും കിട്ടില്ല; ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതിൽ വരും. ജീവിതത്തിൽ ഞാൻ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കിൽ ചെയ്യും, അതിനുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി ഞാൻ എടുത്തിരുന്നു.’ അഭിരാമി പറയുന്നു.

 

 

ബ്ലാസ്റ്റ്.Photo: X.com

‘കെ.ജി.എഫ്’ താരം രവി ബസ്‌റൂർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാധാകൃഷ്ണനും, എഡിറ്റിങ് പ്രദീപ് രാഘവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കൊക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

ആക്ഷനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകി ഒരുക്കിയ ‘ബ്ലാസ്റ്റ്’, എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മികച്ച തിയേറ്റർ അനുഭവവും വൈകാരിക നിമിഷങ്ങളും സമ്മാനിക്കുന്ന ഈ ചിത്രം നിലവിൽ തിയേറ്ററുകളിൽ വലിയൊരു ഹിറ്റായി മാറി ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്.

Content Highlight : Abhirami talks about the latest movie Blast

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.