Malayalam Cinema
മലയാളത്തിൽ ഇടവേള വന്നതിന്റെ കാരണം ഇതുവരെ മനസിലായിട്ടില്ല, വീണ്ടും സജീവമാകാൻ ആഗ്രഹമുണ്ട്: അഭിരാമി
രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് അഭിരാമി കാഴ്ചവെച്ചത്. രഞ്‌ജിത്തിന്റെ സംവിധാനത്തിൽ പ്രകാശ് വർമ അഭിരാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി റിലീസിന് ഒരുക്കുന്ന ലോ ആൻഡ് ഓർഡർ ആണ് നടിയുടെ മലയാളത്തിലെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് കൊടുത്ത അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അഭിരാമി.

അഭിരാമി.Photo. Manorama Online
തമിഴിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചെങ്കിലും മലയാള സിനിമയിൽ ഒരു ഇടവേള വരാൻ കാരണമെന്തായിരുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം
‘അതിന്റെ ഉത്തരം എനിക്ക് അറിയില്ല, ഇന്നുവരെ അത് മനസിലായിട്ടുമില്ല. ഞാൻ കേരളത്തിൽ ജനിച്ചുവളർന്ന ആളാണ്. നല്ലപോലെ മലയാളം സംസാരിക്കാറുമുണ്ട്. തരക്കേടില്ലാതെ അഭിനയിക്കാൻ പറ്റുമെന്നൊരു കോൺഫിഡൻസും എനിക്കുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇവിടെ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല എന്ന് എനിക്കറിയില്ല.
പക്ഷേ മലയാളത്തിൽ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് നല്ല സംവിധായകരായ ജോഷി സർ, ജയരാജ് സർ, രാജസേനൻ സർ, അടൂർ ഗോപാലകൃഷ്ണൻ സർ എന്നിവരുടെ കൂടെയാണ്. പിന്നെ ഞാൻ പണ്ട് അഭിനയിച്ച ചില കഥാപാത്രങ്ങളെയൊക്കെ ആളുകൾ ഇന്നും ഓർത്തിരിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്,’ നടി പറഞ്ഞു.
മലയാള സിനിമയിൽ വീണ്ടും സജീവമാകാനുള്ള തന്റെ ആഗ്രഹവും താരം പങ്കുവെച്ചു.
‘ദൈവം സഹായിച്ച് മറ്റു ഭാഷകളിലൊക്കെ സിനിമകളുമായി വളരെ ബിസിയായിട്ടാണ് പോകുന്നത്. അതുകൊണ്ട് മലയാളത്തിൽ സിനിമകൾ കുറവാണെന്നത് വലിയൊരു പ്രശ്നമായി തോന്നിയില്ല. എങ്കിലും മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സജീവമാകണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്,’ അഭിരാമി പറഞ്ഞു.
തമിഴ് സിനിമയിൽ ഒരു താരമൂല്യമുള്ള അഭിനേത്രി എന്ന രീതിയിലേക്കുള്ള തന്റെ വളർച്ചയെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

അഭിരാമി.Photo. Indian Express
‘ഇതിൽനിന്നെല്ലാം എപ്പോഴും ഡിറ്റാച്ച്ഡ് ആയി നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. സിനിമാ പശ്ചാത്തലമോ ഗോഡ്ഫാദർമാരോ ഒന്നുമില്ലാതെ ഈ മേഖലയിലേക്ക് കടന്നുവന്ന ആളാണ്. കഴിവ്, റൈറ്റ് ടൈം അറ്റ് റൈറ്റ് പ്ലയെസ്, ഹാർഡ്‌വർക്ക് എന്നീ മൂന്ന് കാര്യങ്ങളുടെ കോമ്പിനേഷൻ ആയിരുന്നു എന്റെ കരിയർ. അതു കഴിഞ്ഞുള്ള ഒരു ഫാക്ടറാണ് ഭാഗ്യം. അത് പിന്നെ നമ്മുടെ കൺട്രോളിലുള്ള കാര്യവുമല്ലല്ലോ,’ അഭിരാമി പറഞ്ഞു.
Content Highlight: Abhirami talks about not being active in Malayalam cinema
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം