സിനിമ നിര്‍ത്തി ഉപരിപഠനത്തിന് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി അഭിരാമി. വിരുമാണ്ടിയില്‍ അഭിനയിക്കുന്ന കാലത്താണ് ഒഹിയോയിലെ കോളജ് ഓഫ് വുസ്റ്ററില്‍ സൈക്കോളജി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് പഠനത്തിന് അപേക്ഷിക്കുന്നതെന്ന് അഭിരാമി പറയുന്നു.
ശുപാര്‍ശ കത്തുള്ളത് നല്ലതാണെന്ന് അറിഞ്ഞതുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ കയ്യില്‍ നിന്ന് ഒരണ്ണം വാങ്ങിയെന്നും കമല്‍ ഹാസന്റെ അടുത്ത് പോയി ചോദിച്ചപ്പോള്‍ തരില്ലെന്ന് പറഞ്ഞെന്നും അഭിരാമി പറഞ്ഞു. താന്‍ സിനിമയില്‍ നിന്ന് പോകേണ്ട ആളല്ലെന്നും സിനിമയില്‍ നല്ല ഭാവി ഉണ്ടെന്നുമാണ് കമല്‍ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിരാമി.
‘വിരുമാണ്ടിയില്‍ അഭിനയിക്കുന്ന കാലത്താണ് ഒഹിയോയിലെ കോളജ് ഓഫ് വുസ്റ്ററില്‍ സൈക്കോളജി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് പഠനത്തിന് അപേക്ഷിക്കുന്നത്. ഒന്നു രണ്ടാളുകളുടെ ശുപാര്‍ശക്കത്തുകള്‍ കൂടി വച്ചാല്‍ നന്നായിരിക്കും. അങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറില്‍ നിന്നൊരെണ്ണം വാങ്ങി. കമല്‍ ഹാസന്‍ സാറിനോട് ഒന്നെഴുതിത്തരുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി.
‘നീ ഇവിടെ നിന്ന് പോകേണ്ട ആളല്ല. ഒരു നല്ല ഭാവി സിനിമയിലുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. വിരുമാണ്ടി ഷൂട്ടിങ് തീര്‍ന്നപ്പോള്‍ അഡ്മിഷന്‍ കിട്ടി ഞാന്‍ അമേരിക്കയിലേക്ക് പോയി. സിനിമ വിട്ട് അമേരിക്കയില്‍ പോയി പഠിക്കാം എന്നത് ഒരു ദിവസം കൊണ്ടെടുത്ത തീരുമാനമല്ല. ഒരു വര്‍ഷം നീണ്ട ആലോചനകള്‍ ഉണ്ടായിരുന്നു അതിന് പിന്നില്‍.
പതിനൊന്നാം ക്ലാസില്‍ പഠനം വിട്ട്, സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്നെ പൂര്‍ണമായും പിന്തുണച്ചവരാണ് അച്ഛനും അമ്മയും. 21-ാം വയസില്‍ സിനിമ വിട്ട് പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോഴും അവര്‍ ഒപ്പം നിന്നു. എന്തുകൊണ്ട് സിനിമ വിട്ട് വിദേശത്ത് പോയി പഠിക്കാം എന്ന് തീരുമാനിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും ഒരുത്തരം എനിക്കില്ല. എന്തായാലും നാല് ഭാഷകളില്‍ സജീവമായിരുന്ന കരിയറിനാണ് പെട്ടെന്നു ഫുള്‍സ്റ്റോപ് ഇട്ടത്,’ അഭിരാമി പറയുന്നു.
Content Highlight: Abhirami talks about Kamal Haasan